കൊല്‍ക്കത്ത- പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ സന്ദര്‍ശിച്ചതിനു പിന്നാലെ ത്രിപുരയിലെ ബിജെപി എംഎല്‍എ ആഷിശ് ദാസ് പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ചു. കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിലെത്തി അദ്ദേഹം തല മൊട്ടയടിക്കുകയും ചെയ്തു. 2023ലെ ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നറിക്കുന്നതുവരെ താന്‍ മൊട്ടയടിച്ചു നടക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മുഖമായി മമത ബാനര്‍ജി ഉയര്‍ന്നു വരികയാണെന്ന് കഴിഞ്ഞ ദിവസം ആഷിശ് ദാസ് പ്രശംസിച്ചിരുന്നു. കഴിഞ്ഞയാഴ്ച ദാസ് കൊല്‍ക്കത്തയിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസ് സന്ദര്‍ശിച്ചതായും റിപോര്‍ട്ടുണ്ടായിരുന്നു. ദാസ് തൃണമൂലില്‍ ചേരുമെന്നത് അഭ്യൂഹമാണെന്ന് പറഞ്ഞ് ബിജെപി ഈ റിപോര്‍ട്ടിനെ തള്ളുകയും ചെയ്തിരുന്നു. എന്നാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നതിനോടൊപ്പം ബിജെപിയുടെ വിടുകയാണെന്ന് പ്രഖ്യാപിച്ച ആഷിശ് ദാസ് വൈകാതെ തൃണമൂലില്‍ ചേര്‍ന്നേക്കും. ബിജെപി വിടുകയാണെന്നും അടുത്ത നീക്കം പിന്നീട് അറിയിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ത്രിപുരയിലെ 25 വര്‍ഷത്തെ ദുര്‍ഭരണത്തില്‍ നിന്ന് നരേന്ദ്ര മോഡി സര്‍ക്കാര്‍ തങ്ങളെ രക്ഷിക്കുമെന്നാണ് പ്രതീക്ഷിച്ചത്. ഈ വിശ്വാസത്തില്‍ ഞങ്ങള്‍ അറിയാതെ ഒരു അബദ്ധം ചെയ്തുവെന്നും ബിജെപിയെ അധികാരത്തിലെത്തിച്ചതിനെ കുറിച്ച് അദ്ദേഹം പറഞ്ഞു.