ന്യൂദല്‍ഹി- രാജ്യത്ത് കല്‍ക്കരി ഖനനവും വിതരണവും തടസ്സപ്പെട്ടതോടെ ഇന്ത്യ വലിയ ഊര്‍ജ പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ്. കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന നിലയങ്ങളില്‍ ശരാശരി നാലു ദിവസത്തേക്കുള്ള ശേഖരം മാത്രമെ ബാക്കിയുള്ളൂവെന്നാണ് റിപോര്‍ട്ടുകള്‍. ഇന്ത്യയിലെ വൈദ്യുതി ഉല്‍പ്പാദനം 70 ശതമാനവും കല്‍ക്കരി ഉപയോഗിച്ചാണ് എന്നതിനാല്‍ ഇത് വ്യവസായങ്ങളേയും പൊതുജന ജീവിതത്തേയും ബാധിക്കുന്ന ഗൗരവമേറിയ ഊര്‍ജ പ്രതിസന്ധിയുണ്ടാക്കിയേക്കും. ഓഗസ്റ്റ് മാസം തുടക്കത്തില്‍ 13 ദിവസത്തേക്കുള്ള ശേഖരം സ്‌റ്റോക്ക് ഉണ്ടായിരുന്നു. ഇത് മാസം അവസാനിച്ചതോടെ വെറു നാലു ദിവസത്തേക്കായി ചുരുങ്ങിയെന്നാണ് പുതിയ കണക്കുകള്‍.
ലഭ്യതാ പ്രതിസന്ധി കണക്കിലെടുത്ത് അലൂമിനിയം, സ്റ്റീല്‍ ശാലകള്‍ക്കു നല്‍കുന്ന കല്‍ക്കരി വെട്ടിക്കുറച്ച് ഇവ വൈദ്യുത ഉല്‍പ്പാദന നിലയങ്ങളിലേക്ക് വഴിതിരിച്ചു വിട്ടിരിക്കുകയാണ്. കല്‍ക്കരി പ്രതിസന്ധി ഉണ്ടെന്ന് ഊര്‍ജ മന്ത്രി രാജ് കുമാര്‍ സിങ് പറഞ്ഞു. ഇത് അടുത്ത ആറു മാസം വരെ തുടര്‍ന്നേക്കാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഒക്ടോബറോടെ കാലാവസ്ഥ തണുക്കുന്നതോടെ വൈദ്യുതി ഡിമാന്‍ഡില്‍ കുറവുണ്ടാകുമെന്നും പ്രതിസന്ധി അയയുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
കോവിഡ് മഹാമാരിക്കു ശേഷം വ്യവസായങ്ങളും ഉല്‍പ്പാദന മേഖലയും പൂര്‍വസ്ഥിതിയിലേക്ക് അതിവേഗം തിരിച്ചുവരാന്‍ തുടങ്ങിയതോടെ വൈദ്യുതി ഡിമാന്‍ഡ് കുത്തനെ ഉയര്‍ന്നതാണ് പുതിയ വെല്ലുവിളി. പ്രധാനമായും ഇന്ത്യയില്‍ ഖനനം ചെയ്‌തെടുക്കുന്ന കല്‍ക്കരി തന്നെയാണ് രാജ്യത്ത് ഉപയോഗിക്കുന്നതിന്റെ നാലില്‍ മൂന്ന് ഭാഗവും. എന്നാല്‍ ഖനികളിലും ചരക്കുനീക്ക പാതകളിലും വെള്ളപ്പൊക്കവും പ്രളയവും കാരണം കല്‍ക്കരി ഉല്‍പ്പാദനം തടസ്സപ്പെട്ടിരിക്കുകയാണ്.
വൈദ്യുതി ഡിമാന്‍ഡ് വര്‍ധിച്ചതോടെ രാജ്യത്തെ വൈദ്യുതി നിലയങ്ങളില്‍ പകുതിയിലേറെയും ജാഗ്രതയിലാണ്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കോള്‍ ഇന്ത്യ ലിമിറ്റഡ്, എന്‍ടിപിസി ലിമിറ്റഡ് എന്നീ ഏറ്റവും വലിയ ഊര്‍ജ ഉല്‍പ്പാദകരോട് ഖനനം ത്വരിതപ്പെടുത്തി ആവശ്യത്തിന് കല്‍ക്കരി ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
അയല്‍ രാജ്യമായ ചൈനയിലും സ്ഥിതി വ്യത്യസ്തമല്ല. യൂറോപ്പിലും കല്‍ക്കരി ഡിമാന്‍ഡ് കൂടി. ഇതോടെ ഇറക്കുമതി ചെലവുകളും വര്‍ധിച്ചു. ഇറക്കുമതി കല്‍ക്കരിയുടെ വില ഇപ്പോള്‍ റെക്കോര്‍ഡ് ഉയരത്തിലാണ്.