കൊല്‍ക്കത്ത- കൊലപാതകങ്ങളുടെ നാടായി ഇന്ത്യ മാറിയെന്നും ഇതാണോ ബി.ജെ.പി വാഗ്ദാനം ചെയ്ത രാമരാജ്യമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ കാര്‍ ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തിലാണ് മമതയുടെ പ്രതികരണം. വളരെ വിഷമിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരവുമായ സംഭവങ്ങളാണ് അരങ്ങേറിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ രാജ്യത്ത് ഇപ്പോള്‍ ജനാധിപത്യമല്ല,ഏകാധിപത്യമാണ്. കര്‍ഷകര്‍ ക്രൂരമായി കൊല്ലപ്പെട്ടിട്ടും സത്യം പുറത്തുവരാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ അവിടെ 144 പ്രഖ്യാപിച്ചത്. ഭവാനിപുരിലെ ഗുരുദ്വാര സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി.