നീമച്- മധ്യപ്രദേശിലെ നീമച് ജില്ലയില്‍ മുസ്‌ലിം ആരാധനായലയം ആള്‍ക്കൂട്ടം ആക്രമിച്ചു. സ്‌ഫോടം നടത്തി കെട്ടിടത്തിന് കേടുപാടുകളും വരുത്തി. പള്ളിയിലുണ്ടായിരുന്ന രണ്ടു പേരെ അക്രമികള്‍ പിടികൂടി മര്‍ദിക്കുകയും ചെയ്തു. മുഖം മൂടി ധരിച്ചെത്തിയ 25ഓളം പേരടങ്ങുന്ന സംഘമാണ് പള്ളിക്കു നേരെ ആക്രമണം നടത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോടെ തുടങ്ങിയ ആക്രമണം ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണി വരെ തുടര്‍ന്നു. ഹിന്ദുക്കളെ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ അക്രമികള്‍ ഒരു ലഘുലേഖ സംഭവസ്ഥലത്ത് കൊണ്ടുവന്നിടുകയും ചെയ്തതായി പോലീസ് പറഞ്ഞു. പള്ളിയിലുണ്ടായിരുന്ന അബ്ദുല്‍ റസാക്, നൂര്‍ ബാബ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നൂര്‍ ബാബ നല്‍കിയ പരാതിയില്‍ പോലീസ് തിരിച്ചറിയാത്ത 24 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ആരാധനാലയം തകര്‍ക്കല്‍, കലാപമുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
എന്തുപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് ഫോറന്‍സിക് പരിശോധനയ്ക്കു ശേഷമെ പറയാന്‍ കഴിയൂവെന്ന് ജില്ലാ പോലീസ് മേധാവി സൂരജ് കുമാര്‍ വര്‍മ പറഞ്ഞു. നീമച് ജില്ലയിലെ വനപ്രദേശത്തിനടുത്ത് ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലത്താണ് ആക്രമണത്തിനിരയായ പള്ളി സ്ഥിതിചെയ്യുന്നത്. സംഭവ സ്ഥലത്ത് കണ്ടെത്തിയ ലഘുലേഖ അന്വേഷണത്തെ വഴിതിരിച്ചു വിടാന്‍ ആക്രമികള്‍ മനപ്പൂര്‍വം കൊണ്ടിട്ടതാകാമെന്നും പോലീസ് പറഞ്ഞു.
അക്രമികള്‍ തങ്ങലെ കെട്ടിയിട്ടു മര്‍ദിച്ചെന്ന് നൂര്‍ ബാബ സംഭവം വിശദീകരിക്കുന്ന വിഡിയോയും പ്രചരിച്ചു. സംഭവത്തെ തുടര്‍ന്ന് നീമച് നഗരത്തില്‍ മുസ്‌ലിംകള്‍ പ്രതിഷേധ പ്രകടനം നടത്തി. കുറ്റവാളികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് നിവേദനവും നല്‍കി.