ലഖ്‌നൗ- കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടേയും ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടേയും സന്ദര്‍ശനത്തില്‍ കര്‍ഷകര്‍ പ്രതിഷേധിച്ച ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ മരണം എട്ടായി. നാല് കര്‍ഷകരും മറ്റു നാലു പേരുമാണ് കൊല്ലപ്പെട്ടതെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് അരുണ്‍ കുമാര്‍ സിംഗ് പറഞ്ഞു.
കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ഒരു വാഹനം ഓടിച്ചു കയറ്റിയതിനാലാണ് രണ്ട് കര്‍ഷകര്‍ കൊല്ലപ്പെട്ടതെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. വാഹനത്തില്‍ മന്ത്രിയുടെ മകനും ബന്ധുക്കളുമാണ് ഉണ്ടായിരുന്നത്. കര്‍ഷകര്‍ക്കുമേല്‍ പാഞ്ഞുകയറിയ വാഹനത്തിലുണ്ടായിരുന്ന നാലു പേരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
പ്രദേശത്ത് വാഹനങ്ങള്‍ക്ക് തീയിട്ട ഒരാള്‍ പിന്നീട് പരിക്കുകളോടെ നിലത്ത് വീണ് കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
നാളെ എല്ലാ ജില്ലാ കലക്ടറേറ്റുകള്‍ക്കുമുന്നിലും ഉച്ചക്ക് ഒരു മണിക്ക് പ്രതിഷേധിക്കാന്‍ എല്ലാ കര്‍ഷക സംഘടനകളോടും കര്‍ഷക യൂനിയനുകള്‍ ആവശ്യപ്പെട്ടു.
കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകരും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
അതിനിടെ, കല്ലേറിനെ തുടര്‍ന്ന് കാര്‍ മറിഞ്ഞുവെന്നും അതിനടിയില്‍ പെട്ടാണ് രണ്ട് പേര്‍ മരിച്ചതെന്നും മന്ത്രി അജയ് മിശ്ര അവകാശപ്പെട്ടു. തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തരെ അടിച്ചുകൊന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.