പനജി- 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളില്‍ ജയിച്ച് 40 അംഗ സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ കോണ്‍ഗ്രസിന് ഇപ്പോള്‍ ബാക്കിയുള്ളത് വെറും നാല് എംഎല്‍എമാര്‍ മാത്രം. ഇവരില്‍ ഒരാള്‍ കൂടി പുറത്തേക്കുള്ള വഴിയിലുമാണ്. സര്‍ക്കാര്‍ രൂപകരിക്കാന് സാധ്യതകളുണ്ടായിട്ടും ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയാതെ പോയതിനെ തുടര്‍ന്ന് 13 സീറ്റുകള്‍ മാത്രം നേടിയ ബിജെപി മറ്റു കക്ഷികളെ കൂട്ടി സര്‍ക്കാരുണ്ടാക്കുകയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ലുസിഞ്ഞോ ഫലീറോ പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് സഭയില്‍ കോണ്‍ഗ്രസ് വെറും നാലംഗ പാര്‍ട്ടിയായി ചുരുങ്ങിയത്. ഇതിനു പിന്നാലെ മറ്റൊരു എംഎല്‍എ അലിക്സോ റെജിനാല്‍ഡോ ലോറന്‍കോ ആണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്. അലിക്സോ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനാണ് ആം ആദ്മി പാര്‍ട്ടി ഒരു വര്‍ഷത്തോളമായി ഗോവയില്‍ സജീവ പ്രചരണ പരിപാടികള്‍ നടത്തിവരികയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ആദ്യമായാണ് ഇത്തവണ ഗോവയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്തിറങ്ങുന്നത്.
അലിക്സോ പാര്‍ട്ടി വിടുമെന്നത് അഭ്യൂഹമാണെന്നും ഇത് ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള പ്രചരണമാണെന്നുമാണ് കോണ്‍ഗ്രസിന്റെ ഗോവ ചുമതലയുള്ള ദിനേശ് ഗുണ്ടു റാവു പ്രതികരിച്ചത്. ലുസീഞ്ഞോ പാര്‍ട്ടി വിടുമെന്ന വാര്‍ത്തകള്‍ വന്നപ്പോഴും കോണ്‍ഗ്രസ് അത് അഭ്യൂഹമാണെന്ന് പറഞ്ഞത് തള്ളിയിരുന്നു. അലിക്സോ പാര്‍ട്ടിയില്‍ ചേരുമെന്ന കാര്യം ആം ആദ്മി പാര്‍ട്ടിയും സ്ഥിരീകരിച്ചിട്ടില്ല. മറ്റു പാര്‍ട്ടികളിലെ സമാനമനസ്ക്കരുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും അലിക്സോയുമായി പാര്‍ട്ടി ഔപചാരിക ചര്‍ച്ച നടത്തിയിട്ടില്ലെന്നും പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ രാഹുല്‍ മംബ്രെ പറഞ്ഞു. പാര്‍ട്ടി ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ് രിവാള്‍ തിങ്കളാഴ്ച ഗോവയില്‍ എത്തുന്നതോടെ ചിത്രം വ്യക്തമാകുമെന്ന് കരുതപ്പെടുന്നത്.
ഇതിനിടെ മുന്‍ ഇന്ത്യന്‍ ഫൂട്ബോള്‍ താരം ഡെന്‍സില്‍ ഫ്രാങ്കോ, ഗോവ ബോക്സിങ് അസോസിയേഷന് വൈസ് പ്രസിഡന്റ് ലെനി ഡിഗാമ എന്നിവര്‍ ശനിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബംഗാള്‍ മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ മനോജ് തിവാരി, മുന്‍ ഫുട്ബോള്‍ താരവും തൃണമൂല്‍ എംപിയുമായ പ്രസൂണ്‍ ബാനര്‍ജിയില്‍ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു.