കൊല്‍ക്കത്ത- നന്ദിഗ്രാമില്‍ തന്നെ പരാജയപ്പെടുത്താന്‍ നടന്ന ഗൂഢാലോചനക്ക് ഭവാനിപ്പൂരിലെ ജനങ്ങള്‍ തക്ക മറുപടി നല്‍കിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. 58,832 വോട്ടുകള്‍ക്കാണ് ഭവാനിപ്പൂര്‍ മണ്ഡലത്തില്‍ ജയിച്ചത്. ഒരോ വാര്‍ഡിലും താന്‍ വിജയിച്ചുവെന്നും മമത അവകാശപ്പെട്ടു.
മണ്ഡലത്തിലെ ജനങ്ങള്‍ക്കും ആറു മാസത്തിനകം തന്നെ ഉപതെരഞ്ഞെടുപ്പ് നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനും അവര്‍ നന്ദി പറഞ്ഞു. ഭവാനിപ്പൂരിലെ ജയം തനിക്ക് എന്നും പ്രചോദനമാകുമെന്നും ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗൂഡാലോചന തുടങ്ങിയിരുന്നുവെന്നും അവര്‍ പറഞ്ഞു. ഭവാനിപ്പൂരിലെ ജനങ്ങളില്‍ 46 ശതമാനത്തോളം ബംഗാളി ഇതരരാണ്. അവരെല്ലാവരും എനിക്ക് വോട്ട് ചെയ്തു. പശ്ചിമ ബംഗാളിലെ ജനങ്ങള്‍ മുഴുവന്‍ ഭവാനിപ്പൂര്‍ നിരീക്ഷിക്കുകയായിരുന്നുവെന്നും തനിക്ക് പ്രചോദനമേകുന്ന ഫലമാണിതെന്നും മമത പറഞ്ഞു.