Sorry, you need to enable JavaScript to visit this website.

ആദ്യം ഒരു രൂപ നിക്ഷേപിക്കും നിമിഷങ്ങള്‍ കൊണ്ട് ബാങ്ക് അക്കൗണ്ട് കാലിയാക്കും. ജാഗ്രതൈ!

കോഴിക്കോട് - വ്യക്തികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു രൂപ നിക്ഷേപിച്ച ശേഷം അക്കൗണ്ടിലെ മുഴുവന്‍ പണവും തട്ടിയെടുക്കുന്ന രീതി വ്യാപകമാകുന്നു. നിരവധി ആളുകള്‍ക്കാണ് ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പണം നഷ്ടമാകുന്നത്. അക്കൗണ്ട് ഉടമകള്‍ പരമാവധി കരുതല്‍ എടുക്കുകയല്ലാതെ ഇത് തടയാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. 
തട്ടിപ്പുകാര്‍ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു രൂപ നിക്ഷേപിക്കുകയാണ് ആദ്യം ചെയ്യുക. അക്കൗണ്ട് അക്ടീവ് ആണോ എന്ന്  പരിശോധിക്കുന്നതിന് വേണ്ടിയാണിത്. ഒരു രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചതിന്റെ  സന്ദേശം അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണ്‍ നമ്പറിലേക്ക് എത്തും. അത് കഴിഞ്ഞാല്‍ പിന്നീട് പത്തോ ഇരുപതോ സെക്കന്റ് ഇടവിട്ടുകൊണ്ട് അക്കൗണ്ടില്‍ നിന്ന് ചെറിയ തുകകള്‍ പിന്‍വലിക്കുന്നതിന്റെ സന്ദേശം തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കും. ഈ സന്ദേശങ്ങള്‍ അക്കൗണ്ട് ഉടമ കാണാതിരിക്കുകയോ, ശ്രദ്ധിക്കാതിരിക്കുകയോ ചെയ്താല്‍ എതാനും മിനുട്ടുകള്‍ക്കകം അക്കൗണ്ടിലുള്ള മുഴുവന്‍ പണവും കാലിയാകും. 
പരിചയമില്ലാത്ത അക്കൗണ്ടില്‍ നിന്ന് ഒരു രൂപയോ അല്ലെങ്കില്‍ വളരെ തുച്ഛമായ തുകയോ നിക്ഷേപിച്ചതിന്റെയോ, പണം പിന്‍വലിച്ചത് സംബന്ധിച്ചോ ആദ്യത്തെ ഒന്നോ രണ്ടോ മെസേജ് കണ്ട ഉടന്‍ തന്നെ ബാങ്കിലെ ഫോണ്‍ നമ്പറിലോ ടോള്‍ഫ്രീ നമ്പറിലോ വിളിച്ച് അക്കൗണ്ടുമായി ബന്ധപ്പെട്ട ഡെബിറ്റ് കാര്‍ഡ് ഡീആക്ടിവേറ്റ് ചെയ്തില്ലെങ്കില്‍ ഒരു രൂപ പോലും അക്കൗണ്ടില്‍ അവശേഷിക്കില്ല. ഇത്തരം തട്ടിപ്പിനിരയായവരുടെ നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഇടപാടുകാര്‍ കരുതല്‍ എടുക്കുകയും തട്ടിപ്പിന് ഇരയാകുന്നുവെന്ന് അറിയുന്ന ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് കൂടുതല്‍ പണം നഷ്ടപ്പെടുന്നത് തടയുക മാത്രമേ മാര്‍ഗമുള്ളൂവെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. തട്ടിപ്പ് സംബന്ധിച്ച് ബാങ്കില്‍ ബന്ധപ്പെട്ടാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഡെബിറ്റ് കാര്‍ഡ് റദ്ദാക്കും.
ഡെബിറ്റ് കാര്‍ഡ് മുഖേന പണം നല്‍കി ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നവരും പെയ്ഡ് ആപ്പുകളും മറ്റും ഡൗണ്‍ലോഡ് ചെയ്യുന്നവരും സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകള്‍ വഴി ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവരുമെല്ലാമാണ് ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാകുന്നത്.
ഡെബിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിച്ച് സെക്യൂരിറ്റി കോഡ് ഭേദിച്ചാണ് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കുന്നത്. വിദേശ രാജ്യങ്ങളും ഇന്ത്യയിലെ വന്‍കിട നഗരങ്ങളും കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കരുതുന്നത്. ഓരോ തവണയും ആയിരത്തില്‍ കുറഞ്ഞ തുകകളായാണ് പണം പിന്‍വലിക്കുക. എതാനും മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ തുടര്‍ച്ചയായി നിരവധി തവണ പിന്‍വലിക്കല്‍ നടക്കും. രാത്രിയില്‍ ആളുകള്‍ ഉറങ്ങുന്ന സമയത്താണ്  തട്ടിപ്പുകാരുടെ രംഗപ്രവേശം. അതുകൊണ്ട് തന്നെ അക്കൗണ്ടിലേക്ക് ഒരു രൂപ നിക്ഷേപിക്കുന്നതിന്റെയും പിന്നീട് അക്കൗണ്ടില്‍ നിന്ന് തുടര്‍ച്ചയായി പണം പിന്‍വലിക്കുന്നതിന്റെയും സന്ദേശങ്ങള്‍ മൊബൈല്‍ ഫോണിലേക്കെത്തുന്നത് അക്കൗണ്ട് ഉടമയ്ക്ക് അറിയാന്‍ കഴിയില്ല. രാവിലെയാകുമ്പോഴേക്ക് അക്കൗണ്ടിലെ പണം മുഴുവനായും നഷ്ടപ്പെട്ടിരിക്കും. എത് അക്കൗണ്ട് വഴിയാണ് പണം പിന്‍വലിക്കുന്നതെന്ന് മൊബൈല്‍ സന്ദേശത്തില്‍ വ്യക്തമാകുകയില്ല.
ഡെബിറ്റ് കാര്‍ഡുകള്‍ സുരക്ഷിതമല്ലാതെ ഉപയോഗിക്കുന്നവരാണ് പ്രധാനമായും തട്ടിപ്പുകാരുടെ ഇരയാകുന്നതെങ്കിലും ഒന്നോ രണ്ടോ തവണ ഓണ്‍ലൈന്‍ ഡെബിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈന്‍ ഇടപാട് നടത്തിയവരും വഞ്ചിക്കപ്പെടുന്നുണ്ട്. തട്ടിപ്പിനിരയായ നൂറ് കണക്കിനാളുകളും പരാതികളാണ് ബാങ്കുകളുടെ പരാതിപരിഹാര വിഭാഗത്തിലേക്ക് എത്തുന്നത്. പോലീസ് സൈബര്‍ വിഭാഗത്തിലും തട്ടിപ്പിനിരയായ നിരവധി പേര്‍ ബന്ധപ്പെടുന്നുണ്ട്. തട്ടിപ്പുകാര്‍ രഹസ്യ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതെന്നതിനാല്‍ സൈബര്‍ പോലീസിന് പോലും ഒന്നും ചെയ്യാനാകുന്നില്ല.
ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകള്‍ സര്‍വ്വ സാധാരണമായതിനാല്‍ ഇത്തരം ഇടപാടുകള്‍ക്കായി സ്ഥിരമായി ഒരു അക്കൗണ്ട് മാത്രം ഉപയോഗിക്കുകയും അതില്‍ വളരെ കുറച്ച് പണം മാത്രം സൂക്ഷിക്കുകയും ചെയ്യുന്നതാണ് തട്ടിപ്പുകാരില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. ആവശ്യമുള്ളപ്പോള്‍ മാത്രം ഈ അക്കൗണ്ടിലേക്ക് വീണ്ടും പണം നിക്ഷേപിച്ചാല്‍ മതി. അങ്ങനെ ചെയ്താല്‍ തട്ടിപ്പിനിരയായാല്‍ പോലും ചെറിയ തുക മാത്രമേ നഷ്ടപ്പെടുകയുള്ളൂ.
========

Latest News