ചേര്‍ത്തല- മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന പ്രചരണങ്ങള്‍ തള്ളി നടി ശ്രുതി ലക്ഷ്മി. ഡോക്ടര്‍ എന്ന നിലയിലാണ് മോന്‍സനെ പരിചയപ്പെട്ടതെന്നും അയാള്‍ തട്ടിപ്പുകാരനാണെന്ന വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഞെട്ടിയെന്നും ശ്രുതി ലക്ഷ്മി പ്രതികരിച്ചു. പരിപാടികള്‍ക്ക് വേണ്ടി വിളിക്കുമ്പോള്‍ അവരുടെ ബാക്ക് ഗ്രൗണ്ട് അന്വേഷിക്കേണ്ട കാര്യം ഇല്ലല്ലോയെന്നും എല്ലാവരോടും വളരെ മാന്യമായി പെരുമാറുന്ന വ്യക്തിയാണ് മോന്‍സന്‍ എന്നും ശ്രുതി ലക്ഷ്മി പ്രതികരിച്ചു.
'മോന്‍സന് വേണ്ടി അവതരിപ്പിച്ച പരിപാടികളുടെ വീഡിയോകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പ്രൊഫഷനലായ ബന്ധം മാത്രമേ അദ്ദേഹവുമായുള്ളൂ. വളരെ മാന്യമായി ഇടപെടുന്ന വ്യക്തിയായതുകൊണ്ടാണ് പരിപാടികളില്‍ പങ്കെടുത്തത്. തട്ടിപ്പുകാരനാണെ വാര്‍ത്തകള്‍ കേട്ട് ഞെട്ടിപ്പോയി. കുറച്ച് നൃത്ത പരിപാടികള്‍ അദ്ദേഹത്തിനു വേണ്ടി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷത്തിനും വിളിച്ചു. അത് കോവിഡ് സമയമായതിനാല്‍ അധികം ആര്‍ട്ടിസ്റ്റുകളൊന്നും ഇല്ലാതെ ഞാനും ചേച്ചിയും മറ്റു കുറച്ചുപേരുമാണ് നൃത്തം ചെയ്തത്. ആ വീഡിയോ ആണ് ഇപ്പോള്‍ മോശമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നമ്മളെ ഒരു സിനിമയ്‌ക്കോ പരിപാടിക്കോ വിളിക്കുമ്പോള്‍ അവരുടെ ബാക്ക്ഗ്രൗണ്ട് ചികയേണ്ട ആവശ്യമില്ലല്ലോ. എല്ലാവരോടും വളരെ നന്നായിട്ടു പെരുമാറിയിട്ടുള്ള ആളാണ് മോന്‍സന്‍. പേയ്‌മെന്റ് കൃത്യമായി തരും. സുരക്ഷിതമായി തിരികെ വീട്ടില്‍ എത്തിക്കുകയും ചെയ്യും. അതുകൊണ്ടാണ് പിന്നീടും അദ്ദേഹം വിളിച്ചപ്പോള്‍ പരിപാടികള്‍ക്കു പോയത്. അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടാകും. ഞങ്ങളും കുടുംബമായിട്ടാണ് പോകുന്നത്. ഒരു മോശം പെരുമാറ്റവും അയാളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ സൗഹൃദം ഉപേക്ഷിക്കുമായിരുന്നു.'' ശ്രുതി ലക്ഷ്മി പറഞ്ഞു
''എന്നെ വളരെ വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടി കൊഴിച്ചില്‍. സാധാരണ മുടി കൊഴിച്ചില്‍ അല്ല, അലോപ്പേഷ്യ എന്ന അസുഖമാണ്. ഒരുപാട് ആശുപത്രികളില്‍ ചികിത്സിച്ചിട്ടു മാറാത്ത അസുഖം അദ്ദേഹം മരുന്നു തന്നപ്പോള്‍ മാറി. അത് വളരെ ആശ്വാസം നല്‍കി. ഡോക്ടര്‍ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു. പക്ഷേ അദ്ദേഹം ഡോക്ടറല്ല എന്ന വാര്‍ത്ത ഞെട്ടിച്ചിരിക്കുകയാണ്.'' ശ്രുതി ലക്ഷ്മി പറയുന്നു.