ലണ്ടന്‍- ഭക്ഷണം കഴിക്കാന്‍ ഇടവേള നല്‍കാത്തതില്‍ ക്ഷുഭിതനായ ഫോട്ടോഗ്രാഫര്‍ വരന്റെ കണ്‍മുന്നില്‍ മുഴുവന്‍ കല്യാണ ഫോട്ടോകളും ഡിലീറ്റ് ചെയ്തു.
കല്യാണത്തിനെത്തിയ അതിഥികള്‍ക്ക് ഭക്ഷണം വിളമ്പിയിട്ടും ഭക്ഷണം കഴിക്കാനും കുടിക്കാനുമായി ഫോട്ടോ എടുപ്പ് നിര്‍ത്തരുതെന്ന വരന്‍ കല്‍പിച്ചതാണ് ഫോട്ടോഗ്രാഫറെ ക്ഷുഭിതനാക്കിയത്. തനിക്ക് വേണ്ടി ഭക്ഷണ ടേബിളില്‍ സീറ്റ് ഒഴിച്ചിട്ടില്ലെന്നും വെള്ളം കിട്ടാന്‍ പോലും സൗകര്യം ഉണ്ടായിരുന്നില്ലെന്നും ഫോട്ടോഗ്രാഫര്‍ വെളിപ്പെടുത്തി.
വിവാഹ ഫോട്ടോകള്‍ എടുക്കാന്‍ 250 പൗണ്ടിന് ധാരണയിലെത്തിയ ഫോട്ടോഗ്രാഫര്‍ രാവിലെ 11 മണിക്കാണ് ജോലി ആരംഭിച്ചത്. വൈകിട്ട് ഏഴര വരെ ആയിരുന്നു ഫോട്ടോകള്‍ എടുക്കേണ്ടിയിരുന്നത്. വൈകിട്ട് അഞ്ച് മണിയോടെ അതിഥികള്‍ക്കെല്ലാം ഭക്ഷണം നല്‍കി. പക്ഷേ തനിക്ക് ഒരു സീറ്റ് നല്‍കിയില്ല-ഫോട്ടോഗ്രാഫര്‍ തനിക്കുണ്ടായ ദുരനുഭവം ഫേസ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചു. നല്ല ചൂടായിരുന്നുവെന്നും എ.സി ഇല്ലായിരുന്നുവെന്നും കുടിവെള്ളം പോലും ലഭിച്ചില്ലെന്നും അദ്ദേഹം എഴുതി. എന്തെങ്കിലും കഴിക്കാനും കുടിക്കാനും 20 മിനിറ്റ് ഇടവേള വേണമെന്നാണ് വരനോട് ആവശ്യപ്പെട്ടത്. ഒന്നുകില്‍ ഫോട്ടോകള്‍ എടുക്കുന്നത് പൂര്‍ത്തിയാക്കുക. അല്ലെങ്കില്‍ പണമൊന്നും വാങ്ങാതെ ഇറങ്ങിപ്പോകാമെന്നാണ് വരന്‍ മറുപടി നല്‍കിയത്. ഉറപ്പാണോ എന്ന് ഒന്നുകൂടി ചോദിച്ചശേഷമാണ് അതുവരെ എടുത്ത മുഴുവന്‍ ഫോട്ടോകളും ഡിലീറ്റ് ചെയ്തത്.