Sorry, you need to enable JavaScript to visit this website.

രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോറ്റതിനുളള കാരണം കണ്ടെത്തി കര്‍ണിസേന

ന്യൂദല്‍ഹി- സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പദ്മാവത് സിനിമ നിരോധിക്കാന്‍ തയാറാകാത്തതാണ് രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടാന്‍ കാരണമെന്ന് രജ്പുത് കര്‍ണി സേന അവകാശപ്പെട്ടു.
 
പദ്മാവത് സിനിമക്കെതിരായ പ്രതിഷേധമാണ് റിലീസ് ദിവസം സംസ്ഥാനത്ത് കണ്ടത്. അതിന്റെ ഫലമാണ് സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് കര്‍ണി സേന മേധാവി ലോകേന്ദ്ര സിംഗ് കല്‍വി പറഞ്ഞു.
ആദ്യമായാണ് രാജസ്ഥാനില്‍ ഭരിക്കുന്ന പാര്‍ട്ടി ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്. പദ്മാവതിന് നിരോധനം ഏര്‍പ്പെടുത്താത്തതിന്റെ രോഷമാണ് ജനുവരി 29ന് പോളിംഗ് ബൂത്തില്‍ ജനം പ്രകടിപ്പിച്ചത്.
സിനിമ നിരോധിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി മുന്‍കൈ എടുക്കണമെന്നും ലോകേന്ദ്ര സിംഗ് കല്‍വി ആവശ്യപ്പെട്ടു.
പദ്മാവത് സിനിമ നിരോധിക്കുന്നതിന് വേണ്ടി കര്‍ണി സേന രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. രാജസ്ഥാനിലെ ആള്‍വാര്‍, അജ്മീര്‍, മണ്ഡല്‍ഗഡ് എന്നീ മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്തത്. മണ്ഡല്‍ഗര്‍ നിയമസഭാ സീറ്റിലേക്ക് നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിവേക് ധാക്കഡ് 12976 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആള്‍വാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കരണ്‍സിംഗ് യാദവ് 1.97 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അജ്മീര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രഘുശര്‍മ 84414 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
അജ്മീര്‍ എം.പി സന്‍വര്‍ലാല്‍ ജാട്ട്, ആള്‍വാര്‍ എം.പി ചന്ദ്‌നാഥ്, മണ്ഡല്‍ഗഡ് എം.എല്‍.എ കീര്‍ത്തികുമാരി എന്നിവര്‍ മരിച്ചതിനെ തുടര്‍ന്നാണ് മൂന്നിടങ്ങളിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
 
 

Latest News