ന്യൂദല്‍ഹി- കോണ്‍ഗ്രസിനൊരു പ്രസിഡന്റ് ഇല്ലെന്നും പാര്‍ട്ടിയില്‍ പൂര്‍ണ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട 23 നേതാക്കള്‍ റാന്‍മൂളികളല്ലെന്നും പറഞ്ഞ് ഇന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച മുതിര്‍ന്ന നേതാവ് കപില്‍ സിബലിന്റെ വീടിനു പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. വീടിനു നേര്‍ക്ക് തക്കാളിയേറ് നടത്തുകയും സിബലിന്റെ കാര്‍ ആക്രമിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധി സിന്ദാബാദ്, വേഗം സുഖം പ്രാപിക്കട്ടെ, പാര്‍ട്ടി വിടൂ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍ കേന്ദ്ര മന്ത്രികൂടിയായ സിബലിന്റെ വീടിനു പുറത്ത് പ്രതിഷേധിച്ചത്.
ഗാന്ധി കുടുംബത്തെ പേരെടുത്തു പറയാതെ ശക്തമായ ഭാഷയിലാണ് കപില്‍ സിബല്‍ വിമര്‍ശനമുന്നയിച്ചത്. ഈ നാടകങ്ങള്‍ കൊണ്ട് തന്നെ പേടിപ്പിക്കാനാകില്ലെന്നും പറഞ്ഞ കാര്യങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് പറഞ്ഞിട്ടുള്ളതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തോട് പ്രതികരിച്ച് സിബല്‍ പറഞ്ഞു.
ഗാന്ധി കുടുംബവുമായി ഏറ്റവും അടുപ്പമുള്ളവരുടെ ഉപദേശം മാത്രമാണ് അവര്‍ സ്വീകരിക്കൂവെന്നും ഇത് പാര്‍ട്ടിക്ക് വലിയ ദോഷം ചെയ്യുന്നുവെന്നും ആക്ഷേപമുണ്ട്. ഇത് വ്യംഗ്യമായി സൂചിപ്പിച്ചാണ് തങ്ങള്‍ റാന്‍മൂളികളല്ലെന്ന് സിബല്‍ പറഞ്ഞത്. പഞ്ചാബില്‍ വീണ്ടും കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനെതിരെ കപില്‍ സിബല്‍ രംഗത്തെത്തിയത്.