രാജസ്ഥാനിൽനിന്ന് ഇന്ന് പുറത്തുവന്ന ഉപതെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് പ്രതീക്ഷയും ആവേശവും വർധിപ്പിക്കുന്നതാണ്. ഈ വർഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസിന് ഏറെ പ്രതീക്ഷ നൽകുന്നതാണ് രണ്ടു ലോക്‌സഭ മണ്ഡലങ്ങളിലെയും ഒരു നിയമസഭ തെരഞ്ഞെുപ്പിലെയും ഫലം. ഈ മൂന്ന് സീറ്റുകളും കോൺഗ്രസ് ബി.ജെ.പിയിൽനിന്ന് തിരിച്ചുപിടിക്കുകയായിരുന്നു. ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചത്. തോറ്റതാകട്ടെ കോൺഗ്രസിന്റെ നക്ഷത്രനേതാവ് സചിൻ പൈലറ്റും. എന്നാൽ അടുത്തവർഷം ലോക്‌സഭ തെരഞ്ഞെടുപ്പും ഈ വർഷം നിയമസഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ ബി.ജെ.പിയുടെ ആത്മവിശ്വാസത്തിന്റെ കാറ്റഴിക്കുന്നതാണ് കോൺഗ്രസ് സ്വന്തമാക്കിയ വിജയം. കോൺഗ്രസ് സംസ്ഥാന നേതാവായി സചിൻ പൈലറ്റിനെ തെരഞ്ഞെടുത്തത് മുതൽ മികച്ച മുന്നേറ്റമാണ് രാജസ്ഥാനിൽ കോൺഗ്രസ് കാഴ്ച്ചവെക്കുന്നത്. ബി.ജെ.പി മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ മേൽക്കോയ്മക്കും രാജസ്ഥാനിൽ അവസാനമാകും.
രാജസ്ഥാനിലെ ആൽവർ ലോക്‌സഭ മണ്ഡലത്തിൽ ബി.ജെ.പി 2014 ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത് 2,83,895 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. 60.42 ശതമാനം വോട്ടുകൾ നേടിയായിരുന്നു ഈ വിജയം. ഇന്ന് പുറത്തുവന്ന ഫലത്തിൽ 1,82,00 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ ഡോ. കരൺ സിംഗ് യാദവ് വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അജ്മീർ ലോക്‌സഭ മണ്ഡലത്തിൽ കോൺഗ്രസിലെ സചിൻ പൈലറ്റ് തോറ്റത് 1,71,983 വോട്ടുകൾക്ക്. ഒരു ലക്ഷത്തോളം വോട്ടുകൾക്കാണ് കോൺഗ്രസിലെ രഘു ശർമ വിജയിക്കുന്നത്. പതിനേഴ് നിയമസഭ മണ്ഡലങ്ങളിലാണ് രാജസ്ഥാനിൽ ഇന്ന് കോൺഗ്രസ് ലീഡ് ചെയ്തത്. ഈ വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 150-ലേറെ സീറ്റുകളിൽ വിജയിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന നേതാക്കൾ അവകാശപ്പെട്ടു.
മണ്ഡൽഗഡ് നിയമസഭ മണ്ഡലത്തിൽ കോൺഗ്രസിലെ വിവേക് ധർ ബി.ജെ.പിയിലെ ശക്തിസിംഗ് ഹാദയെ 12976 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. മൂന്ന് മണ്ഡലങ്ങളിലും നേടിയ വിജയം കോൺഗ്രസിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യെ രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ് ആവശ്യപ്പെട്ടു.കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സമ്പൂർണ പരാജയമാണ് കോൺഗ്രസ് രാജസ്ഥാനിൽ നേരിട്ടത്. ഈ പരാജയത്തിൽനിന്നുള്ള ശക്തമായ തിരിച്ചുവരവാണ് കോൺഗ്രസ് നടത്തിയത്.
ബംഗാളിൽനിന്നുള്ള പാഠം
പശ്ചിമബംഗാളിലെ നൊവപാറ നിയമസഭ മണ്ഡലത്തിലെ വിജയത്തിൽ കോൺഗ്രസിനും സി.പി.എമ്മിനും പാഠങ്ങളുണ്ട്. തൃണമൂൽ കോൺഗ്രസാണ് ഇവിടെ വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ആയിരത്തോളം വോട്ടുകൾക്ക് ജയിച്ച മണ്ഡലമായിരുന്നു ഇത്. 2016-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-സി.പി.എം മുന്നണിയായാണ് മത്സരിച്ചത്. ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി രണ്ടും സി.പി.എം മൂന്നും കോൺഗ്രസ് നാലും സ്ഥാനത്തെത്തി. 2016 തെരഞ്ഞെടുപ്പിൽ കോൺഗ്രസ് -സി.പി.എം സഖ്യം 43 ശതമാനം വോട്ടുകൾ നേടിയാണ് വിജയിച്ചത്. തൃണമൂലിന് 42 ശതമാനം വോട്ടുകൾ ലഭിച്ചു. ബി.ജെ.പിയിലെ അമിയ സർക്കാറിന് 2016-ൽ നേടാനായത് വെറും പതിമൂന്ന് ശതമാനം വോട്ടുകൾ മാത്രമായിരുന്നു.
ഉലുബെരിയ ലോക്‌സഭ മണ്ഡലത്തിൽ 4,74,000 വോട്ടുകൾക്കാണ് തൃണമൂൽ സ്ഥാനാർഥിയുടെ വിജയം. 2014 തെരഞ്ഞെടുപ്പിൽ 201,222 വോട്ടുകൾ അധികം നേടിയാണ് തൃണമൂൽ വിജയിച്ചത്. സി.പി.എം രണ്ടാം സ്ഥാനത്തും ബി.ജെ.പി മൂന്നും കോൺഗ്രസ് നാലും സ്ഥാനത്തായിരുന്നു. 11.56 ശതമാനം വോട്ടുകൾ മാത്രമാണ് ബി.ജെ.പിക്കുണ്ടായിരുന്നത്. ഈ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ പിന്തള്ളി ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. വോട്ടിംഗ് ശതമാനത്തിലും വൻ കുതിപ്പ് നടത്തി.