ന്യൂദൽഹി- ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ ആഗോള ജനാധിപത്യ സൂചികയിൽ താഴോട്ട്. മികച്ച ജനാധിപത്യ രാജ്യങ്ങളുടെ പട്ടികയിൽ 32ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ പുതിയ റിപ്പോർട്ട് പ്രകാരം 42ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടിരിക്കുന്നത്. തീവ്ര മതവാദികളുടെ വളർച്ചയും ആൾക്കൂട്ട ആക്രമണങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളും എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നതുമാണ് ഇന്ത്യയിലെ ജനാധിപത്യത്തെ പിന്നോട്ടടിച്ചത്. പൂർണ ജനാധിപത്യം, അപര്യാപ്ത ജനാധിപത്യം, ഏകാധിപത്യ ഭരണകൂടം, മിശ്ര ഭരണം എന്നിങ്ങനെ നാലു വിഭാഗങ്ങളായാണ് രാജ്യങ്ങളെ വേർത്തിരിച്ചിരിക്കുന്നത്. ഇതിൽ അപര്യാപ്ത ജനാധിപത്യമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഉൾപ്പെടുന്നത്. 21ാം സ്ഥാനത്തുള്ള യുഎസ്, ജപ്പാൻ, ഇറ്റലി, ഫ്രാൻസ്, ഇസ്രഈൽ, സിംഗപൂർ, ഹോങ്കോങ് എന്നീ രാഷ്്ട്രങ്ങളും ഈ ഗണത്തിലാണ്.
തെരഞ്ഞെടുപ്പ് പ്രക്രിയ, ബഹുസ്വരത, പൗര സ്വാതന്ത്ര്യം, സർക്കാരിന്റെ പ്രവർത്തനം, രാഷ്ട്രീയ പങ്കാളിത്തം, രാഷട്രീയ സംസ്‌കാരം എന്നീ അഞ്ചു മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി 165 ലോക രാജ്യങ്ങളെയാണ് ഇക്കണൊമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് തയാറാക്കിയ ആഗോള ജനാധിപത്യ സൂചികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും മികച്ച ജനാധിപത്യമുള്ളത് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള നോർവേയിലാണ്. ഐസ് ലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങൾ രണ്ടു മൂന്നും സ്ഥാനത്തുണ്ട്. നാലാമത് ന്യൂസീലാൻഡും അഞ്ചാമത് ഡെൻമാർക്കുമാണ്. അയർലാൻഡ്, കാനഡ, ഓസ്‌ട്രേലിയ, ഫിൻലാൻഡ്, സ്വിറ്റ്‌സർലാൻഡ് എന്നീ രാജ്യങ്ങളും ആദ്യ പത്തിലുണ്ട്. പൂർണ ജനാധിപത്യ രാജ്യങ്ങളായി 19 രാജ്യങ്ങൾ മാത്രമെ ഉള്ളൂ. മിശ്ര ഭരണകൂടങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട പാക്കിസ്ഥാൻ 110-ാം സ്ഥാനത്താണ്. ബംഗ്ലാദേശ് 92-ാമതും നേപ്പാൽ 94ാമതും ഭൂട്ടാൻ 99ാമതും സ്ഥാനങ്ങളിലാണ്.