ന്യൂദല്‍ഹി- മൂന്ന് കര്‍ഷക ദ്രോഹ നിമയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പത്ത് മണിക്കൂര്‍ ഭാരത ബന്ദ് വന്‍ വിജയമെന്ന് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ അവകാശപ്പെട്ടു. സംയുക്ത കിസാന്‍ മോര്‍ച്ച (എസ്.കെ.എം)യാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ബന്ദിന് ആഹ്വനം ചെയ്തത്.
ബന്ദ് ജനങ്ങളുടെ പ്രസ്ഥാനമായി ഏറ്റെടുത്തുവെന്നും കര്‍ഷകരുടെ പൂര്‍ണ പിന്തുണ ലഭിച്ചുവെന്നും ഭാരതീയ കിസാന്‍ യൂനിയന്‍ വക്താവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. 40 സംഘടനകളുടെ കൂട്ടായ്മയാണ് ബി.കെ.യു.
കാര്‍ഷിക നിയമങ്ങളില്‍ രാഷ്ട്രപതി ഒപ്പുവെച്ചതിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് കര്‍ഷകര്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചത്. എല്ലാവരുടേയും പ്രതീക്ഷകള്‍ തെറ്റിച്ച പിന്തുണയാണ് ലഭിച്ചതെന്നും നിരവിധ എന്‍.ഡി.എ ഘടക കക്ഷികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ബന്ദില്‍ പങ്കെടുത്തുവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അവകാശപ്പെട്ടു.