അഗര്‍ത്തല- കോടതിയെ കാര്യമാക്കേണ്ടെന്നും കോടതിയല്ല സര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്നുമുള്ള വിവാദ പ്രസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കോടതിയലക്ഷ്യം ഭയപ്പെടാതെ ജനങ്ങളെ സേവിക്കുകയാണ് വേണ്ടത്. താനാണ് പോലീസിനെ നിയന്ത്രിക്കുന്നതെന്നും അതുകൊണ്ട് ആരെയങ്കിലും ജയിലലടക്കുക എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.
അഗര്‍ത്തലയില്‍ സിവില്‍ സര്‍വീസ് ഓഫസേഴ്‌സ് അസോസിയേഷന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കോടതി ജനങ്ങള്‍ക്കുവേണ്ടിയാണെന്നും ജനങ്ങള്‍ കോടതിക്കുവേണ്ടിയല്ലെന്നും ജനങ്ങളാണ് നമ്മളെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ചീഫ് സെക്രട്ടറി കോടതിയലക്ഷ്യത്തെ കുറിച്ച് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രൊമോഷന്‍ കാര്യത്തില്‍ തന്റെ കാബിനറ്റ് തീരുമാനമെടുത്ത കാര്യം മുഖ്യമന്ത്രി അനുസ്മരിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം ദീര്‍ഘകാലമായി സുപ്രീം കോടതിയുടെ പരിഗണനയിലായിരുന്നു.
മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമായതിനു പിന്നാലെ വിവിധ പാര്‍ട്ടികള്‍ പ്രതികരണവുമായി രംഗത്തുവന്നു. ബിപ്ലബ് ദേബ് ലജ്ജയില്ലാതെ ജനാധിപത്യത്തേയും ജുഡീഷ്യറിയേയും പരിഹസിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.