കാറും കോളും മാറിയില്ലെങ്കിലും പത്മാവത് തീയറ്ററുകളിലെത്തിയതിൽ ഇരട്ട സന്തോഷത്തിലാണ് രൺവീർ സിംഗ്. ഉത്തരേന്ത്യയിൽ പലയിടത്തും തുടരുന്ന പ്രതിഷേധത്തിനിടെ ചിത്രം റിലീസ് ചെയ്യാനാവുമോ എന്ന ആശങ്ക മാറിയതിലാണ് ആദ്യ സന്തോഷം. പ്രതിഷേധക്കാർ പറഞ്ഞുപരത്തിയതുപോലുള്ളതൊന്നും ചിത്രത്തിലില്ലെന്ന പ്രേക്ഷകരുടെ പ്രതികരണവും വന്നു.
അതിലേറെ സന്തോഷം തന്റെ കഥാപാത്രത്തിന് ലഭിച്ച അംഗീകാരമാണ്. നിരവധി പേർ തന്റെ പ്രകടനത്തെ പ്രശംസിച്ച് കേൾക്കുമ്പോഴാണ് സന്തോഷം ഇരട്ടിക്കുന്നത്. ചിത്രത്തിൽ വില്ലനാണ് സുൽത്താൻ അലാവുദ്ദീൻ ഖിൽജി.
അലാവുദ്ദീൻ ഖിൽജിയുടെ വേഷം തനിക്ക് വലിയ വെല്ലുവിളിയായിരുന്നുവെന്ന് രൺവീർ പറയുന്നു. ആ വെല്ലുവിളി ധൈര്യപൂർവ്വം ഏറ്റെടുക്കുകയായിരുന്നു. അത് വിജയിച്ചതിൽ താൻ സന്തോഷവാനാണെന്നും രൺവീർ പറയുന്നു.
വിവാദങ്ങൾ പക്ഷേ രൺവീറിന്റെ താരമൂല്യം വർധിപ്പിച്ചതായാണ് ബോക്‌സോഫീസിൽനിന്നുള്ള റിപ്പോർട്ട്. രൺവീറിന്റെ ഏറ്റവും കളക്ഷൻ നേടുന്ന ചിത്രമായി മാറുകയാണ് പത്മാവത്. ചിത്രം ഏറ്റെടുത്തവർക്ക് നന്ദി പറഞ്ഞ താരം പ്രേക്ഷകരുടെ സ്‌നേഹത്തിൽ അതിയായ സന്തോഷമുണ്ടെന്നും പറഞ്ഞു.
കർണി സേനയുടെയും മറ്റ് തീവ്ര ഹിന്ദു സംഘടനകളുടെയും പ്രതിഷേധത്തിനിടയിലും രാജ്യത്തെ നാലായിരത്തോളം തീയറ്ററുകളിലാണ് പത്മാവത് പ്രദർശനത്തിനെത്തിയത്. ആദ്യ ദിനം 19 കോടിയായിരുന്നു കളക്ഷൻ. ആദ്യ ആഴ്ചതന്നെ നൂറ് കോടി കടക്കുമെന്നുറപ്പാണ്. 190 കോടി മുതൽമുടക്കുള്ള പത്മാവത് ബോക്‌സോഫീസിൽ വമ്പൻ വിജയത്തിലേക്ക് തന്നെ കുതിക്കുകയാണ്. നിലവിൽ പ്രദർശനത്തിനെത്താത്ത നാല് സംസ്ഥാനങ്ങളിൽകൂടി ചിത്രം റിലീസ് ചെയ്യുന്നതോടെ കളക്ഷൻ പിന്നെയും വർധിക്കുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ. ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ചിത്രം പ്രദർശനത്തിനെത്താത്തത്.
ദീപികാ പദുക്കോണിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബൻസാലി ഒരുക്കിയ പത്മാവത് ചിത്രീകരണത്തിന്റെ തുടക്കം മുതലേ എതിർപ്പുകളും നേരിട്ടു. പതിനാലാം നൂറ്റാണ്ടിൽ ദൽഹി സുൽത്താനായ അലാവുദ്ദീൻ ഖിൽജിക്ക് ചിത്തോർ രാജ്ഞി റാണി പത്മിനിയോട് തോന്നുന്ന താൽപര്യമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്തോർ രാജാവായ മഹാറാവൽ രത്തൻ സിംഗായി ഷാഹിദ് കപൂറും പ്രധാന റോളിലുണ്ട്. ചിത്തോർ കീഴടക്കാൻ നടത്തിയ അതിരൂക്ഷ യുദ്ധത്തിൽ ഒടുവിൽ വിജയിച്ചെങ്കിലും സുൽത്താൻ അലാവുദ്ദീൻ ഖിൽജിക്ക് റാണി പത്മിനിയെ സ്വന്തമാക്കാനായില്ല. അതിനുമുമ്പ് അവർ ആത്മാഹൂതി ചെയ്തു.
റാണി പത്മിനിക്ക് സുൽത്താൻ അലാവുദ്ദീൻ ഖിൽജിയോട് പ്രണയമുണ്ടെന്ന് പറയുന്നതാണ് ചിത്രമെന്നും, ഇത് ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നും, രജപുത്രരുടെ അഭിമാനത്തിന് ക്ഷതമുണ്ടാക്കുന്നതാണെന്നും പറഞ്ഞാണ് കർണി സേനയും മറ്റും കലാപം നടത്തിയത്. രാജസ്ഥാനിലെ ഷൂട്ടിംഗ് സെറ്റ് പ്രതിഷേധക്കാർ രണ്ട് തവണ ആക്രമിച്ചു. കഥ അങ്ങനെയല്ലെന്ന് സംവിധായകൻ ആവർത്തിച്ച് പറഞ്ഞിട്ടും, ഹിന്ദുവികാരം കത്തിക്കാനുള്ള പ്രതിഷേധക്കാരുടെ അക്രമം അവസാനിച്ചില്ല. പ്രതിഷേധത്തിന്റെ ഭാഗമായി ആത്മഹത്യയും നടന്നു.
എതിർപ്പുകളെ തുടർന്ന് സെൻസർ ബോർഡ് റിലീസിനുള്ള അനുമതി നിഷേധിച്ചു. എന്നാൽ കോടതി ഇടപെട്ടതോടെ അഞ്ച് സുപ്രധാന മാറ്റങ്ങളോടെയാണ് ചിത്രം പുനർനാമകരണം ചെയ്ത് പുറത്തിറക്കാൻ സെൻസർ ബോർഡ് അനുമതി നൽകിയത്. പത്മാവതിക്ക് പകരം ചിത്രത്തിന്റെ പേര് പത്മാവത് എന്നാക്കണം, സിനിമ തുടങ്ങുമ്പോഴും ഇടവേളകളിലും ചരിത്രവുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് പ്രദർശിപ്പിക്കണം, ചിത്രത്തിൽ 26 ഭാഗങ്ങളിൽ മാറ്റം വരുത്തണം തുടങ്ങിയവയായിരുന്നു ഉപാധികൾ. ഇതെല്ലാം നിർമാതാക്കൾ അംഗീകരിക്കുകയും ചെയ്തു. എന്നിട്ടും നാല് സംസ്ഥാനങ്ങൾ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ചിത്രത്തിന്റെ റിലീസിംഗ് വിലക്കി. നിർമാതാക്കളുടെ ഹരജിയിൽ സുപ്രീം കോടതി ഈ വിലക്കും നീക്കിയെങ്കിലും, വിവിധ സംഘടനകളുടെ സമ്മർദത്തെത്തുടർന്ന് തിയേറ്ററുടമകൾ ചിത്രം പ്രദർശിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ പ്രതിഷേധക്കാർ പറഞ്ഞുപരത്തിയതുപോലൊന്നും ചിത്രത്തിലില്ലെന്ന് കണ്ടിറങ്ങിയവർ സാക്ഷ്യപ്പെടുത്തുന്നു.