ന്യൂദല്‍ഹി- ആഢംബര ഹോട്ടലിലെ സലൂണ്‍ ജീവനക്കാര്‍ മുടി വെട്ടി കുളമാക്കിയതോടെ തന്റെ സ്വപ്‌നങ്ങളെല്ലാം തകര്‍ന്നെന്നും ജോലി നഷ്ടമായെന്നും പരാതിപ്പെട്ട മോഡലിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ഉപഭോക്തൃ കോടതി ഉത്തരവ്. ഈ തുക ആഢംബര ഹോട്ടല്‍ ശൃംഖല നടത്തുന്ന കമ്പനി മോഡലിനു നല്‍കണം. 2018 ഏപ്രി 12നാണ് കേസിനാസ്പദമായ സംഭവം.
അബദ്ധം കാരണം മോഡലിനെ ലഭിക്കാനിരുന്ന ജോലികള്‍ നഷ്ടമായെന്നും വലിയ മോഡല്‍ ആകുകയ എന്ന് സ്വപ്‌നം തകര്‍ന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ദേശീയ ഉപഭോക്ത്ൃ തര്‍ക്കപരിഹാര കമ്മീഷന്‍ (എന്‍സിഡിആര്‍സി) വ്യാഴാഴ്ച ഉത്തരവിട്ടത്. മോശം മുടിവെട്ട് കാരണം മോഡലിന്റെ ജീവിതം പൂര്‍ണമായും മാറിമറിഞ്ഞെന്നും സ്വപ്‌നങ്ങള്‍ തകര്‍ന്നതോടെ വന്‍ നഷ്ടങ്ങള്‍ അനുഭവിക്കേണ്ടി വന്നുവെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ഈ ഹോട്ടലിലെ സലൂണില്‍ പരാതിക്കാരിയായ മോഡല്‍ സാധാരണ മുടിവെട്ടാന്‍ എത്തുന്നതാണ്. എന്നാല്‍ സ്ഥിരമായി മുടി ശരിയാക്കി തന്നിരുന്ന ഹെയര്‍ഡ്രസര്‍ അന്ന് ഉണ്ടായിരുന്നില്ല. പകരം മറ്റൊരാളാണ് ചെയ്തത്. ആദ്യം എതിര്‍ത്തെങ്കിലും മികച്ച മുടിവെട്ടാണെന്ന് ഉറപ്പു നല്‍കിയാണ് മറ്റൊരാളെ മുടിവെട്ടാന്‍ അനുവദിച്ചത്. നീളന്‍ മുടിയുടെ താഴ്ഭാഗത്ത് നിന്ന് നാലിഞ്ച് മുറിക്കാനാണ് മോഡല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജീവനക്കാരന്‍ മുകളില്‍ നിന്ന് മുടി വെട്ടിയതോടെ മോഡലിന് നീളന്‍ മുടി നഷ്ടമായെന്നും ഉപഭോക്തൃ കോടതി ഉത്തരവില്‍ പറയുന്നു.
സ്ത്രീകള്‍ മുടി പരിപാലനത്തില്‍ ഏറെ ശ്രദ്ധിക്കുന്നവരും മുന്‍കരുതലുകള്‍ എടുക്കുന്നവരുമാണ്. മുടി നല്ല നിലയില്‍ പരിപാലിക്കുന്നതിന് നല്ലൊരു തുകയും അവര്‍ ചെലവഴിക്കുന്നുണ്ട്. അവര്‍ മുടിയുമായി വളരെ വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നു. പരാതിക്കാരിയായ മോഡലിന് നീളന്‍ മുടിയാണുണ്ടായിരുന്നത്. ഇതുകാരണം നിരവധി മുടി പരിപാലന ഉല്‍പ്പന്നങ്ങളുടെ മോഡല്‍ കൂടിയായിരുന്നു അവര്‍. മോശം മുടിവെട്ട് കാരണം ഈ രംഗത്ത് വലിയ നഷ്ടമാണ് പരാതിക്കാരിയായ മോഡല്‍ നേരിട്ടത്- കമ്മീഷന്‍ അധ്യക്ഷന്‍ ആര്‍ കെ അഗര്‍വാള്‍, അംഗം എസ് എം കാന്തികര്‍ എന്നിവരുടെ ഉത്തരവില്‍ പറയുന്നു.