ന്യൂദല്‍ഹി- രോഷത്തിനും ശത്രുതയ്ക്കും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്കും രാഷ്ട്രീയത്തില്‍ സ്ഥാനമില്ലെന്ന് കോണ്‍ഗ്രസ് വക്താവിന്റെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി രാജിവച്ച പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കേണ്‍ഗ്രസ് നേതാവുമായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കും രാഷ്ട്രീയത്തില്‍ പരിചയക്കുറവുണ്ടെന്നും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിദ്ദുവിനെ എന്തുവിലകൊടുത്തും തോല്‍പ്പിക്കുമെന്നുമുള്ള അമരീന്ദര്‍ സിങിന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് രോഷത്തിന് രാഷ്ട്രീയത്തില്‍ സ്ഥാനമില്ലെന്ന് പാര്‍ട്ടി വക്താവ് സുപ്രിയ ശ്രിനാതെ പറഞ്ഞത്. ഇത് അമരീന്ദറിനെ വീണ്ടും ചൊടിപ്പിട്ടു. കോണ്‍ഗ്രസിനെ പോലുള്ള പഴക്കമുള്ള ഒരു പാര്‍ട്ടിയില്‍ അപമാനത്തിനും മാനഹാനിക്കും സ്ഥാനമുണ്ടോ എന്നായിരുന്നു അമരീന്ദറിന്റെ മറു ചോദ്യം. അമരീന്ദറിന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ മുന്‍ മാധ്യമ ഉപദേശകന് രവീണ് ഠുക്റല് ഒരു ട്വീറ്റിലൂടെയാണ് പുറത്തു വിട്ടത്. ഒരു മുതിര്‍ന്ന നേതാവായ തന്നെ പോലുള്ള ഒരാളോട് ഇങ്ങനെയാണ് പെരുമാറിയതെങ്കില്‍ പ്രവര്‍ത്തകര്‍ എന്തൊക്കെ അനുഭവിക്കേണ്ടി വരുമെന്നും അമരീന്ദര്‍ ചോദിച്ചു.
പ്രായമായവര്‍ക്ക് രോഷമുണ്ടാകും, അവര്‍ വളരെ രോഷാകുലരാകും. പലപ്പോഴും പലതും പറഞ്ഞെന്നുമിരിക്കും. എന്നാല്‍ ഞങ്ങളെല്ലാം അദ്ദേഹത്തിന്റെ രോഷ പ്രകടനത്തേയും അനുഭവ സമ്പത്തിനേയും മാനിക്കുന്നു. അദ്ദേഹമത് പുനപ്പരിശോധിക്കുമെന്നാണ് പ്രതീക്ഷ- എന്നായിരുന്നു അമരീന്ദറിന്റെ രോഷപ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സുപ്രിയയുടെ മറുപടി.
രോഷത്തിനും ശത്രുതയ്ക്കും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്കും പ്രതികാര ചിന്തയ്ക്കും രാഷ്ട്രീയത്തി ഇടമില്ല എന്നു കൂടി സുപ്രിയ കൂട്ടിച്ചേര്‍ത്തു. അദ്ദേഹം കോണ്‍ഗ്രസിന്റെ കരുത്തനായ പോരാളിയാണെന്നും അദ്ദഹത്തിന്റെ പദവിക്ക് യോജിക്കുന്ന വാക്കുകളല്ല അതെന്നും സുപ്രിയ പറഞ്ഞതിനു പിന്നാലെയാണ് അമരീന്ദറിന്റെ ചുട്ട മറുപടി വന്നത്.