Sorry, you need to enable JavaScript to visit this website.

ഭര്‍തൃപിതാവ് ലൈംഗികമായി ഉപദ്രവിച്ചു, കോഴിയുടെ രക്തം കുടിക്കാന്‍ നിര്‍ബന്ധിച്ചു; പരാതിയുമായി യുവതി

പുനെ-പണം ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃപിതാവും പീഡിപ്പിക്കുന്നതായും മന്ത്രവാദത്തിന്റെ ഭാഗമായി കോഴിയുടെ രക്തം കുടിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയുമായി യുവതി. മഹാരാഷ്ട്രയിലെ പുനെയിലാണ് സംഭവം. സ്വയം പ്രഖ്യാപിത ആള്‍ ദൈവത്തിന്റെ നിര്‍ദേശ പ്രകാരം കോഴിയുടെ ചോര കുടിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ഭര്‍തൃപിതാവ് ലൈംഗികമായി ഉപദ്രവിച്ചുവെന്നുമാണ് യുവതിയുടെ പരാതി. പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്നകാര്യം വിവാഹത്തിന് മുമ്പ് മറച്ചുവെച്ചതായും യുവതി പരാതിയില്‍ ആരോപിച്ചു. ഇക്കാര്യം കുടുംബത്തോട് പറഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ പിതാവ് മര്‍ദ്ദിച്ചതായും ലൈംഗികമായി ഉപദ്രവിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. 2018 മുതല്‍ ഭര്‍തൃപിതാവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായും യുവതി ആരോപിച്ചു.
2018 ഡിസംബറിനും 2021 ജൂണിനും ഇടയില്‍ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണം ആവശ്യപ്പെട്ട് പ്രതികള്‍ യുവതിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. മന്ത്രവാദ ക്രിയകള്‍ നടത്തിയ പ്രതികള്‍ കോഴിയുടെ രക്തം കുടിക്കാന്‍ യുവതിയെ നിര്‍ബന്ധിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി. എന്നാല്‍ 2018ല്‍ വിവാഹിതരായ ദമ്പതികള്‍ കഴിഞ്ഞ നാല് മാസമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. 33 കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 498(എ), 354 (എ), 323, 504, 506, 34 വകുപ്പുകള്‍ പ്രകാരം ഭര്‍ത്താവ്, ഭര്‍തൃപിതാവ്, ഭര്‍തൃമാതാവ് എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ മഹാരാഷ്ട്രയിലെ മന്ത്രവാദ വിരുദ്ധ നിയമ പ്രകാരമുള്ള വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്.
 

Latest News