പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വാഷിംഗ്ടണില്‍ ഊഷ്മള വരവേല്‍പ്

വാഷിംഗ്ടണ്‍- മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി വാഷിംഗ്ടണിലെത്തി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് പ്രധാനമന്ത്രി മോഡി അന്‍ഡ്രൂസ് ജോയിന്റെ ബെസില്‍ എയര്‍ ഇന്ത്യ 1 വിമാനത്തില്‍ വന്നിറങ്ങിയത്. മഴയെ അവഗണിച്ച് മോഡിയെ സ്വീകരിക്കാന്‍ യുഎസ് ഇന്ത്യക്കാരുടെ സംഘവും എത്തിയിരുന്നു. ഇവരെയും അഭിവാദ്യം ചെയ്താണ് മോഡി വിമാനതാവളം വിട്ടത്.
വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തിയ അദ്ദേഹത്തെ ജോ ബൈഡന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും യുഎസിലെ ഇന്ത്യന്‍ പ്രതിനിധി തരണ്‍ജീത് സിംഗ് സന്ധുവും യുഎസ് പ്രതിരോധ സേന മേധാവികളും ചേര്‍ന്ന് സ്വീകരിച്ചു. ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി ഇത്തവണ അമേരിക്കയിലെത്തിയത്. പ്രധാനമന്ത്രി എന്ന നിലയില്‍ മോഡിയുടെ ഏഴാമത്തെ യുഎസ് സന്ദര്‍ശനമാണിത്.
മോഡി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. ഐക്യരാഷ്ട സഭാ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് അമേരിക്കയിലേക്ക് പോകുന്നതെന്ന് യാത്രയ്ക്ക് മുമ്പ് മോഡി ട്വീറ്റ് ചെയ്തിരുന്നു. ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡോ സുഗ എന്നിവരുമായി ഉഭയകക്ഷി ബന്ധങ്ങള്‍ സംബന്ധിച്ചും, പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിലും മോദി ചര്‍ച്ച നടത്തും. ജോ ബൈഡന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം അധികാരത്തിലേറിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.
വാഷിങ്ടണിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. അമേരിക്കയിലെ ഇന്ത്യന്‍ വംശജരും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ത്രിവര്‍ണ പതാക ഉയര്‍ത്തിക്കൊണ്ട് ജനങ്ങള്‍ നല്‍കിയ ഹൃദ്യമായ സ്വീകരണത്തിന് മോഡി നന്ദിയറിയിച്ചു. ലോകമെമ്പാാടുമുള്ള ഇന്ത്യന്‍ പ്രവാസികള്‍ നമ്മുടെ ശക്തിയാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവരുമായി നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തും. ക്വാഡ് ഉച്ചകോടിയ്ക്ക് മുമ്പായിരിക്കും കൂടിക്കാഴ്ച നടത്തുക. അഫ്ഗാനിസ്ഥാനിലെ സാഹചര്യവും, ആഗോള ഭീകരവാദവും പ്രധാന ചര്‍ച്ചയാകും. തുടര്‍ന്ന് വൈറ്റ് ഹൗസില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. സെപ്റ്റംബര്‍ 25ന് ഐക്യരാഷ്ട്ര സഭയുടെ 76ാം വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിക്കും. കഴിഞ്ഞ വര്‍ഷം വെര്‍ച്ച്വലായാണ് പൊതുയോഗം സംഘടിപ്പിക്കുന്നത്.
2014 ല്‍ അധികാരമേറ്റതിന് ശേഷം ഏഴാം തവണ യുഎസ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, ഈ സന്ദര്‍ശനം 'യുഎസുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ജപ്പാനും ഓസ്‌ട്രേലിയയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഉള്ള അവസരമാണ്' എന്ന് പറഞ്ഞു. പ്രസിഡന്റ് ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍, ഇന്ത്യ യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം അവലോകനം ചെയ്യുകയും പരസ്പര താല്‍പ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയും ചെയ്യും. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയും ജപ്പാനിലെ പ്രധാനമന്ത്രി യോഷിഹിഡെ സുഗയും മാര്‍ച്ചില്‍ ഒരു വെര്‍ച്വല്‍ ഉച്ചകോടിയില്‍ മോഡിക്കൊപ്പം പങ്കെടുത്തിരുന്നു. അന്നത്തെ ചര്‍ച്ചകളുടെ അവലോകനവും ഇത്തവണത്തെ കൂടിക്കാഴ്ചയില്‍ നടക്കും.
 

Latest News