Sorry, you need to enable JavaScript to visit this website.

ഓസ്ട്രേലിയയില്‍ ഭൂചലനം; പരിഭ്രാന്തരായി മലയാളി സമൂഹം

മെല്‍ബണ്‍- ഓസ്ട്രേലിയയുടെ തെക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ ശക്തമായ ഭൂചലനം. മെല്‍ബണ്‍, വിക്ടോറിയയുടെ ഉള്‍പ്രദേശങ്ങള്‍, ന്യൂ സൗത്ത് വെയില്‍സിന്റെ ചില ഭാഗങ്ങള്‍ എന്നിവടങ്ങളില്‍ ഉള്‍പ്പെടെ ഭൂചലനം അനുഭവപ്പെട്ടു. വിക്ടോറിയയുടെ പല ഭാഗങ്ങളിലും നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഡലൈഡിലും ടാസ്മേനിയിലെ ലോണ്‌സെസ്റ്റണിലും ഭൂചലനം അനുഭവപ്പെട്ടു. വിക്ടോറിയയിലെ മാന്‍സ്ഫീല്‍ഡിന് സമീപത്താണ് പ്രഭവകേന്ദ്രം എന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെ 9.15 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രതയുള്ള ഭൂചലനമാണ് രേഖപെടുത്തിയിരിക്കുന്നത്. (ഇതിന് 15 മിനിറ്റിനുശേഷം ശേഷം തുടര്‍ചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രതയുള്ളതായിരുന്നു തുടര്‍ചലനം. അതേസമയം സുനാമിയുടെ സാധ്യതയില്ലെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഭൂചലനങ്ങളിലൊന്നാണുണ്ടായതെന്ന് ജിയോസയന്‍സ് ഓസ്ട്രേലിയ പറഞ്ഞു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മെല്‍ബണില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും അയല്‍ സംസ്ഥാനങ്ങളിലുടനീളം ഭൂചലനത്തിന്റെ പ്രകമ്പനങ്ങളുണ്ടാവുകയും ചെയ്തു.
ഭൂകമ്പത്തിന്റെ തീവ്രത 5.8 ആണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേയും സ്ഥിരീകരിച്ചു. 10 കിലോമീറ്റര്‍  ആഴത്തില്‍ ആണ് ഉണ്ടായത്. ഓസ്‌ട്രേലിയയിലെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ഗണ്യമായ ഭൂകമ്പങ്ങള്‍ അസാധാരണമാണ്, അതുകൊണ്ടുതന്നെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഈ ഭൂചലനം രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയതാണ് എന്നാണ്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ മെല്‍ബണിലെ ചാപ്പല്‍ സ്ട്രീറ്റിന് ചുറ്റുമുള്ള പ്രശസ്തമായ ഷോപ്പിംഗ് ഏരിയയിലുടനീളം അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതായി കാണപ്പെട്ടു, കെട്ടിടങ്ങളില്‍ നിന്ന് ഇഷ്ടികകള്‍ അടര്‍ന്നു . റോഡുകള്‍ വിണ്ടു കീറി. മലയാളികള്‍ അധിവസിക്കുന്ന മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത് എന്നതിനാല്‍ ഏവരും പരിഭ്രാന്തരായി. മെല്‍ബണിലെ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ തിരുവല്ലം ഭാസിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരളത്തിലെ സുഹൃത്തുക്കള്‍ ആദ്യം വിവരമറിഞ്ഞത്. 
നഗരത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ആളുകള്‍ക്ക് വൈദ്യുതിയില്ലാതായെന്നും കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചതായും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. ദക്ഷിണ ഓസ്‌ത്രേലിയ സംസ്ഥാനത്ത് പടിഞ്ഞാറ് 800 കിലോമീറ്റര്‍  അഡലെയ്ഡ് നഗരത്തിലും ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് വടക്ക് 900 കിലോമീറ്റര്‍ അകലെ സിഡ്‌നിയും വരെ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയുള്ള ഡബ്ബോ വരെ സഹായത്തിനായി വിളികള്‍ ലഭിച്ചതായി അടിയന്തിര സേവന കേന്ദ്ര വക്താവ് അറിയിച്ചു.

Latest News