ന്യൂദൽഹി- 28 കാരനായ ബന്ധു ക്രൂരമായി ബലാൽസംഗം ചെയ്ത എട്ടു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് ഗുരുതരാവസ്ഥയിൽ. വടക്കു പടിഞ്ഞാറൻ ദൽഹിയിലെ ശക്കൂർ ബസ്തിയിലാണ് സമൂഹമനസ്സാക്ഷിയെ ഞെട്ടിപ്പിച്ച ദാരുണ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. വീട്ടിനകത്ത് വച്ച് പീഢനത്തിനിരയായ പിഞ്ചു കുഞ്ഞ് ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടർമാർ അറിയിച്ചതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്. പ്രതിയെ തിങ്കളാഴ്ച തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
രണ്ടു പെൺകുട്ടികളേയും വീട്ടിൽ മറ്റു ബന്ധുക്കൾക്കൊപ്പം നിർത്തി ഞായറാഴ്ച രക്ഷിതാക്കൾ ജോലിക്കു പോയ സമയത്താണ് ക്രൂരകൃത്യം നടന്നത്. കുട്ടികളിൽ ഒരാളെ ബന്ധുവായ 28കാരൻ കളിപ്പിക്കാനായി എടുത്തു കൊണ്ടു പോകുകയും ഹീനകൃത്യത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു. കുട്ടി ബോധരഹിതയാകുകയും രക്തം പുറത്തു വരികയും ചെയ്തതോടെ പരിഭ്രാന്തനായ പ്രതി കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി. പിന്നീട് മതാപിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന കുട്ടിയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കുട്ടിയെ അവസാനമായി കണ്ടത് 28കാരനായ ബന്ധുവിനൊപ്പമായിരുന്നു. സംഭവത്തിനു ശേഷം ഇയാളെ കാണാതയായത് സംശയം ബലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഇയാളെ പോലീസ് കണ്ടെത്തി അറസറ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.