ഹൈദരാബാദ്-തെലങ്കാനയില്‍ എട്ടുവയസുകാരനെ ക്രൂരമായി പീഡിപ്പിച്ച 27കാരിക്ക് 20വര്‍ഷത്തെ കഠിന തടവ് വിധിച്ചു. തെലങ്കാനയില്‍ ഒരു യുവതിക്ക് ആദ്യമായാണ് പോക്‌സോ കേസ് പ്രകാരം ശിക്ഷ ലഭിക്കുന്നത്. 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയെ രണ്ടുതവണ ലൈംഗികമായി പീഡിപ്പിച്ച യുവതി വിവരം പുറത്തുപറഞ്ഞാല്‍ ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കുട്ടി പഠിക്കുന്ന സ്‌കൂളിലെ അറ്റന്‍ഡറായിരുന്നു യുവതി. കുട്ടിയുടെ കൈയില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ പോക്‌സോ പ്രകാരം യുവതിയെ അറസ്റ്റുചെയ്യുകയായിരുന്നു.