റാഞ്ചി- ജാര്‍ഖണ്ഡിലെ കൊയ്ത്തുത്സവമായ കര്‍മ പൂജയ്ക്കു ശേഷം കരം ദാലി (മരക്കൊമ്പ്) നിമജ്ജനം ചെയ്യാനായി കുളത്തിലിറങ്ങിയ ഏഴു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും മുങ്ങിമരിച്ചു. ലതെഹാര്‍ ജില്ലയിലെ ബുക്രുവിലാണ് ദുരന്തമുണ്ടായത്. 10 പേരടങ്ങുന്ന പെണ്‍കുട്ടികളുടെ സംഘമാണ് കുളത്തിലിറങ്ങിയത്. 10നും 20നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവര്‍. ഇവരില്‍ മൂന്ന് സഹോദരിമാരും ഒരു പത്തുവയസ്സുകാരനും ഉള്‍പ്പെടും. നിമജ്ജനത്തിനിടെ ഇവരില്‍ രണ്ടു പേര് കാല്‍തെറ്റി വെള്ളത്തില്‍ മുങ്ങി. ഇതു കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും വെള്ളത്തില്‍ മുങ്ങിയത്. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. നാലു പേര് കുളത്തില്‍ വച്ചും ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ ലതെഹാര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രേഖ കുമാര്‍ (18), റീന കുമാരി (16), ലക്ഷ്മി കുമാരി (12) എന്നീ സഹോദരിമാരും സുഷമ കുമാരി (12), പിങ്കി കുമാരി (18), സുനിത കുമാരി (20), ബസന്തി കുമാരി (12), സൂരജ് (10) എന്നിവരാണ് മരിച്ചത്.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാഷ്ട്രപതി റാം നാഥ് കോവിന്ദ്, മുഖ്യമന്ത്രി ഹേമന്ദ് സോറന് എന്നിവര്‍ ദുഖം പ്രകടിപ്പിച്ചു.