കൊല്‍ക്കത്ത- രണ്ട് മാസം മുമ്പ് നടന്ന മോഡി മന്ത്രിസഭ അഴിച്ചുപണിയില്‍ കേന്ദ്ര മന്ത്രി സ്ഥാനം നഷ്ടമായ മുന്‍ ബിജെപി എംപി ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മന്ത്രിസഭയില്‍ നിന്ന് പുറത്തായതിനു പിന്നാലെ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പരിസ്ഥിതികാര്യ സഹമന്ത്രിയായിരുന്നു ഗായകന് കൂടിയായ ബാബുല്‍ സുപ്രിയോ. 'അവസരങ്ങള്‍ വരുമ്പോള്‍ ഒരു തീരുമാനം എടുക്കേണ്ടി വരും. എന്റെ തീരുമാനം ഇതാണ്'- തൃണമൂലില്‍ ചേര്‍ന്ന ശേഷം അദ്ദേഹം പറഞ്ഞു.
മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം പാര്ട്ടിയിലെത്തുന്ന അഞ്ചാമത്തെ പ്രമുഖ ബിജെപി നേതാവാണ് ബാബുല്‍. കൂടുതല്‍ ബിജെപി നേതാക്കള്‍ തൃണമൂലിലേക്ക് വരുമെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു.
കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടനയ്ക്കു മുന്നോടിയായി മന്ത്രി പദവി രാജിവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടതില്‍ കടുത്ത അതൃപ്തിയുണ്ടായിരുന്നു ബാബുലിന്. താന്‍ തീര്‍ത്തും ദുഖിതനാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നെങ്കിലും ഇതു പിന്നീട് ഡിലീറ്റ് ചെയ്തു.