Sorry, you need to enable JavaScript to visit this website.

മുർഷിദാബാദിൽ ബസ് പുഴയിൽ വീണ് 36 മരണം

  • രക്ഷാപ്രവർത്തനം വൈകി; ജനങ്ങൾ വാഹനങ്ങൾക്ക് തീയിട്ടു


കൊൽക്കത്ത- പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ബസ് നദിയിലേക്കു മറിഞ്ഞ് 36 പേർ മരിച്ചു. കൊൽക്കത്തയിൽനിന്ന് 300 കി.മീ വടക്കാണ് അപകടം. നദിയ ജില്ലയിലെ കരിംപൂരിൽനിന്ന് മാൾഡ ജില്ലയിലേക്ക് വരികയായിരുന്ന നോർത്ത് ബംഗാൾ സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ (എൻ.ബി.എസ്.ടി.സി) ബസാണ് പാലത്തിന്റെ കൈവരി തകർത്ത് നദിയിലേക്ക് വീണത്. ഡോംകൽ സബ്ഡിവിഷനിലെ ദൗലത്താബാദ് പ്രദേശത്ത് ഇന്നലെ രാവിലെയായിരുന്നു അപകടം. നദിയുടെ കയത്തിലേക്ക് മുങ്ങിയ ബസ് മണിക്കൂറുകളോളം കാണാൻ കഴിഞ്ഞില്ല. 50 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിന്റെ ആദ്യമണിക്കൂറുകളിൽ ഏതാനും പേരെ പ്രദേശ വാസികൾ തോണികളിലെത്തി രക്ഷപ്പെടുത്തി. നാല് മൃതദേഹങ്ങൾ മാത്രമാണ് തുടക്കത്തിൽ ലഭിച്ചിരുന്നത്. ആയിരങ്ങളാണ് അപകടം നടന്ന സ്ഥലത്ത് തടിച്ചുകൂടിയിരുന്നത്.

മുർഷിദാബാദിൽ ബസ് കൂപ്പുകുത്തിയ നദിയിൽ തോണികളിൽ നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനം.

രക്ഷാപ്രവർത്തനം വൈകിയത് ജനങ്ങളെ ക്ഷുഭിതരാക്കി. ദേശീയ ദുരന്ത നിവാരണ സേന എത്തി നാല് ക്രെയിനുകൾ ഉപയോഗിച്ച് ബസ് നദിയിൽനിന്ന് കരയ്‌ക്കെത്തിക്കുമ്പോൾ  മണിക്കൂറുകൾ കഴിഞ്ഞിരുന്നു. അസ്തമയത്തിനുശേഷമാണ് ബസിനകത്ത് രക്ഷാപ്രവർത്തകർക്ക് കയറാൻ കഴിഞ്ഞത്. ബസിൽനിന്ന് പത്ത് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 32 മൃതദേഹങ്ങൾ പുറത്തെടുത്തു. രാത്രി വൈകിയപ്പോൾ മൊത്തം 36 മൃതദേഹങ്ങളാണ് ലഭിച്ചത്. 
മൃതദേഹങ്ങളും പരിക്കേറ്റവരേയും മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അപകട സ്ഥലവും ആശുപത്രിയും മുഖ്യമന്ത്രി മമതാ ബാനർജി സന്ദർശിച്ചു. 
കനത്ത മൂടൽ മഞ്ഞു മൂലം റോഡിലെ കാഴ്ച മങ്ങിയതാണ് അപകടകാരണമെന്ന് പറയുന്നു. ബസ് അമിത വേഗതയിലാണ് വന്നിരുന്നതെന്നും ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ചിരുന്നതായും രക്ഷപ്പെട്ട യാത്രക്കാരിൽ ചിലർ പറഞ്ഞു. 

രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിഷേധിച്ച് ജനക്കൂട്ടം കത്തിച്ച വാഹനം.
 

രോഷാകുലരായ ജനക്കൂട്ടം രണ്ടു പോലീസ് ജീപ്പുകളും ഒരു അഗ്‌നിശമന സേനാ വാഹനവും തകർത്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. രക്ഷാ പ്രവർത്തനം ത്വരിതപ്പെടുത്താൻ മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദേശത്തെ തുടർന്ന് ഗതാഗത മന്ത്രി സുവേന്ദു അധികാരിയും അഡീഷണൽ ചീഫ് സെക്രട്ടറി അൽപൻ ബന്ദോപാധ്യയയും മറ്റു ഉദ്യോഗസ്ഥരും ഹെലികോപ്റ്ററിൽ മുർഷിദാബാദിൽ എത്തിയിരുന്നു.
അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നിസ്സാര പരിക്കുകളേറ്റ മറ്റുള്ള യാത്രക്കാർക്ക് അര ലക്ഷം രൂപ വീതവും മുഖ്യമന്ത്രി ദുരിതാശ്വാസം പ്രഖ്യാപിച്ചു.

Latest News