ന്യൂദൽഹി- ഇന്ത്യൻ വിദേശകാര്യ സർവീസിലെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥൻ വിജയ് ഗോഖലെ പുതിയ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റു. ചൈനയുമായുള്ള ദോക്ക്ലാം അതിർത്തി തർക്കം പരിഹരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗോഖലെ ചൈനയിലെ മുൻ ഇന്ത്യൻ അംബാഡർ കൂടിയാണ്. 1981 ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥനായ ഗോഖലെ എസ് ജയശങ്കറിന്റെ പിൻഗാമിയായാണ് ഈ പദവിയിലെത്തുന്നത്.
നയതന്ത്ര ബന്ധത്തിലും അയൽ രാജ്യങ്ങളിലെ ഇടപെടലുകളും കാരണം ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ തർക്കങ്ങൾ നിലനിൽക്കെ ഗോഖലെയുടെ നിയമത്തിൽ പ്രധാന്യമുണ്ട്. പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനാ നേതാക്കളെ യുഎൻ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം എതിർത്തതും ആണവ വിതരണ ഗ്രൂപ്പിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാത്തതുമടക്കം പലവിഷയങ്ങളിലും ഇരു രാജ്യങ്ങളും തമ്മിൽ അഭിപ്രായ ഭിന്നത നിലനിൽക്കുകയാണ്. ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന മാലദ്വീപ് ചൈനയുമായി കൂടുതൽ അടുക്കുന്നതും വിഷയമാണ്. ഈ പശ്ചാത്തലത്തിൽ ചൈനയുമായി നയതന്ത്രപരമായി ബന്ധം മെച്ചപ്പെടുത്താൻ മന്ദാരിൻ ഭാഷ നന്നായി വഴങ്ങുന്ന ഗോഖലെയ്ക്ക് കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.