ന്യൂദൽഹി- സുപ്രീം കോടതിയിൽ ഇനിയും അവസാനിച്ചിട്ടില്ലാത്ത പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും മുതിർന്ന ജഡ്ജിമാരും തമ്മിൽ ബുധനാഴ്ച വീണ്ടും ചർച്ച നടക്കും. കോടതിയുടെ പ്രവർത്തനത്തിൽ വിയോജിപ്പ് അറിയിച്ച മുതിർന്ന ജഡ്ജിമാരായ ജെ ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി ലോക്കൂർ, കുര്യൻ ജോസഫ് എന്നിവരുമായി നേരത്തെ നടത്തിയ ചർച്ചയിൽ പ്രതിസന്ധി പരിഹരിക്കപ്പെട്ടിരുന്നില്ല. ചീഫ് ജസ്റ്റിസും ഈ നാലു ജഡ്ജിമാരും അടങ്ങുന്നതാണ് സുപ്രീം കോടതിയിലെ പരമോന്നത സമിതിയായ കൊളീജിയം. ഇവരെ കൂടാതെ മറ്റു മുതിർന്ന ജഡ്ജിമാരായ എ കെ സിക്രി, ഡി വൈ ചന്ദ്രചൂഡ്, യു യു ലളിത് എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ ചേർന്ന യോഗങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയതായിരുന്നു ഒരു മണിക്കൂർ നീണ്ട ആ ചർച്ച.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പ്രവർത്തനത്തിൽ വിയോജിപ്പ് അറിയിച്ചു കൊണ്ട് നാല് മുതിർന്ന ജഡ്ജിമാർ ജനുവരി 12ന് വാർത്താ സമ്മേളനം നടത്തിയതോടെയാണ് സുപ്രീം കോടതിയിൽ പ്രതിസന്ധി രൂപപ്പെട്ടത്. ഇവർ ഉന്നയിച്ച വിഷയങ്ങൾ കോടതിയുടെ പ്രവർത്തന സംവിധാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്നും ഇതിന് കൂടുതൽ ചർച്ചകളിലൂടെ മാത്രമെ പരിഹാരം കണ്ടെത്താനാകൂവെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ഇതു വരെ നടന്ന ചർച്ചകളെല്ലാം എല്ലാ പരിഹരിക്കപ്പെടുന്നതിലേക്കുള്ള വഴി തുറക്കുന്ന തരത്തിലുള്ളതായിരുന്നെന്നും അവർ സൂചന നൽകുന്നു.