ഗൊരഖ്പൂര്‍- ഉത്തര്‍പ്രദേശിലെ ദേവ്റിയയില്‍ സ്കൂള്‍ പ്രിന്‍സിപ്പലിന്റെ മകന് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ചാണ് പെണ്‍കുട്ടി മാനഭംഗശ്രമത്തിന് ഇരയായത്. പ്രിന്‍സിപ്പലിന്റെ മകനാണ് പെണ്‍കുട്ടിയെ മുറിയിലേക്ക് വിളിച്ചു വരുത്തിയത്.
മുറിയില്‍ നടന്ന സംഭവങ്ങള്‍ പുറത്തു പറഞ്ഞാല്‍ പ്രത്യാഘാതമുണ്ടാകുമെന്നും പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ജനവാതിലിലൂടെ സംഭവം കണ്ട സമീപ വാസി പെണ്‍കുട്ടിയുടെ സഹോദരനെ വിവരമറിയിക്കുകയായിരുന്നു. സഹോദരന് എത്തി പ്രതിയെ മര്‍ദിക്കുകയും ചെയ്തു.
ഇതിനു പ്രതികാരമായി പ്രതിയും സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സഹോദരനെ മര്‍ദിച്ചിരുന്നു. ഈ സംഭവങ്ങളില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് സംശയിക്കുന്നു. ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയില്‍ സ്വകാര്യ സ്കൂള്‍ പ്രിന്‍സിപ്പല്‍ അടക്കം ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരില്‍ നാലു പേരെ ചോദ്യം ചെയ്യാനായി കസറ്റഡിയിലെടുത്തു. മുങ്ങിയ നാലു പേര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. പ്രിന്‍സിപ്പലിന്റെ മകനാണ് കേസിലെ മുഖ്യപ്രതിയെന്നും ഗൗര ബസാര്‍ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ അനില്‍ കുമാര്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് പ്രദേശ വാസികള്‍ പോലീസ് സ്റ്റേഷന് പരിസരത്ത് പ്രതിഷേധവുമായി തടിച്ചുകൂടി. പ്രതികളെ ഉടന്‍ അറസറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.