മീററ്റ്-സുഹൃത്തിന്റെ മരണത്തിനു പിന്നില്‍ താനാണെന്ന ഞെട്ടിക്കുന്ന വിവരം മദ്യലഹരിയില്‍ തുറന്നു പറഞ്ഞ് യുവാവ്. മരിച്ച യുവാവിനെ കാണാതായി മാസങ്ങള്‍ പിന്നിട്ടതിനു ശേഷമാണ് പിന്നില്‍ പ്രവര്‍ത്തിച്ചതു താനാണെന്നു വ്യക്തമാക്കി യുവാവ് രംഗത്തെത്തുന്നത്. ഉത്തര്‍ പ്രദേശിലാണ് സംഭവമുണ്ടായത്.
മീററ്റ് സ്വദേശിയായ നസീം എന്ന യുവാവിന്റെ മരണം സംബന്ധിച്ച കേസിലാണ് വഴിത്തിരിവുണ്ടായിരുന്നത്. നസീമിനെ കൊലപ്പെടുത്തിയത് സുഹൃത്താണെന്നും കൊലയ്ക്കു ശേഷം മൃതദേഹം ഇയാള്‍ ഒരു കനാലില്‍ തള്ളിയെന്നും പോലീസ് വ്യക്തമാക്കി. കൊല സംബന്ധിച്ച ദുരൂഹത പൂര്‍ണമായും നീങ്ങിയെന്നാണ് പോലീസ് കരുതുന്നത്. കൊല്ലപ്പെട്ടയാളുടെ കുടുംബം നല്കിയ പരാതിയില്‍ യുവാവിന്റെ കാമുകിയെയും കൊല നടത്തിയ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തെന്നാണ് റിപ്പോര്‍ട്ട്.
ഉത്തര്‍ പ്രദേശിലെ അംറോഹ ജില്ലയിലുള്ള ധനോറ മന്ദിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ കണ്ട ബന്ധുക്കള്‍ തിരിച്ചറിഞ്ഞതാാണ് റിപ്പോര്‍ട്ട്. മീററ്റിനു സമീപം കിത്തോര്‍ സ്വദേശിയായ നസീം ആണ് കൊല്ലപ്പെട്ടത്. ഒരു മേസ്തിരിയായി ജോലിചെയ്തു വരികയായിരുന്ന ഇയാള്‍ ഹിന എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇരുവരും ഗര്‍മുക്തേശ്വറില്‍ ഒരു വാടക വീടെടുത്ത് താമസിച്ചു വരികയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നസീമിന്റെ സുഹൃത്തായ ഡാനിഷ് ഇടയ്ക്കിടെ വീട്ടിലെത്തി ഇവരെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഈ സന്ദര്‍ശനങ്ങള്‍ക്കിടെയാണ് ഡാനിഷും ഹിനയും തമ്മില്‍ പ്രണയമുണ്ടാകുന്നത്. എന്നാല്‍ ഇതേപ്പറ്റി അറിയാന്‍ ഇടയായ നസീം ഡാനിഷുമായി ഇക്കാര്യം സംസാരിക്കുകയും തര്‍ക്കത്തിലെത്തുകയും ചെയ്തു.
മാര്‍ച്ച് 16ന് നസീമിനെ പെട്ടെന്നു കാണാതാകുകയായിരുന്നു. മാര്‍ച്ച് 23ന് ഇയാളുടെ കുടുംബം യുവാവിനെ കാണാനില്ലെന്നു കാണിച്ചു പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കാണാതായതിന്റെ പിറ്റേ ദിവസം തന്നെ ഡാനിഷ് നസീമിനെ കൊലപ്പെടുത്തിയിരുന്നുവെന്നും തുടര്‍ന്ന് മൃതദേഹം കനാലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഹിനയെ സ്വന്തമാക്കാനായാണ് കൊല നടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചെന്നും പോലീസ് വ്യക്തമാക്കി. കനാലിലെ വെള്ളം ഇറങ്ങിയപ്പോള്‍ അന്നു പോലീസ് മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും തിരിച്ചറിയാതിരുന്നതിനാല്‍ മൃതദേഹം സംസ്കരിക്കുകയായിരുന്നു. കുറച്ചു നാളുകള്‍ക്കു ശേഷം പ്രതിയായ ഡാനിഷും ഹിനയും ഗര്‍മുക്തേശ്വറില്‍ ഒരുമിച്ച് താമസം തുടങ്ങുകയും ചെയ്തു.
എന്നാല്‍ കഴിഞ്ഞ ദിവസമാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടായത്. സ്ഥിരം മദ്യപാനിയായിരുന്ന ഡാനിഷ് അയല്‍വാസിയായ ഷബ്നവുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തര്‍ക്കം മൂത്തതോടെ താന്‍ നസീമിനെ കൊന്നതു പോലെ ഷബ്നത്തിന്റെ മകനെയും കൊലപ്പെടുത്തുമെന്ന് ഡാനിഷ് ഭീഷണിപ്പെടുത്തുകയായിരുന്നു. താന്‍ ഇതുവരെ 16 പേരെ കൊന്നിട്ടുണ്ടെന്നു ഇതൊന്നും വലിയ കാര്യമല്ലെന്നും ഡാനിഷ് പറഞ്ഞു. തുടര്‍ന്ന് അടുത്ത ദിവസം തന്നെ ഷബ്നം കിത്തോറിലെത്തി കൊല്ലപ്പെട്ട നസീമിന്റെ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു പോലീസ് നടപടി.