Sorry, you need to enable JavaScript to visit this website.

ഗുജറത്ത് ബിജെപിയില്‍ ഉള്‍പ്പോര് രൂക്ഷം; മന്ത്രിസഭാ രൂപീകരണം നീട്ടി

ഗാന്ധിനഗര്‍- ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച അവസാന നിമിഷം മാറ്റിവച്ചു. പുതിയ മന്ത്രിസഭയില്‍ തങ്ങള്‍ക്ക് ഇടംലഭിക്കില്ലെന്ന വിവരമറിഞ്ഞ നിലവിലെ പല മന്ത്രിമാരും പ്രതിഷേധിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ ഉള്‍പ്പോര് രൂക്ഷമായി. മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ബുധനാഴ്ച രണ്ടു മണിക്കും നാലുമണിക്കുമിടയില്‍ ചടങ്ങ് നടക്കുമെന്ന് ഇന്നലെ രാവിലെ സംസ്ഥാന ബിജെപി അധ്യക്ഷന്‍ സി ആര്‍ പാട്ടീല്‍ പറഞ്ഞിരുന്നു. രാജ് ഭവനില്‍ ചടങ്ങിന്റെ പോസ്റ്ററുകളും പതിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങളൊന്നും നടത്തിയില്ല. ഇതോടെയാണ് ചടങ്ങ് നടക്കില്ലെന്ന് ഉറപ്പായത്. 

മന്ത്രിസഭയില്‍ ഇടംലഭിക്കുമെന്ന് സൂചന ലഭിച്ച എംഎല്‍എമാരുടെ അണികളും രാജ്ഭവന്‍ പരിസരത്ത് എത്തിയിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ ഇവിടുത്തെ പോസ്റ്ററുകളെല്ലാം നീക്കം ചെയ്തു. വൈകാതെ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് ചടങ്ങ് നടക്കുമെന്നറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. 

പുതിയ മന്ത്രിസഭയില്‍ ഇടം ലഭിക്കില്ലെന്നറിഞ്ഞ ചില മന്ത്രിമാര്‍ പ്രതിഷേധിച്ചതായി ഒരു മുന്‍ മന്ത്രി പറഞ്ഞു. എല്ലാ മുതിര്‍ന്ന മന്ത്രിമാരെയും മാറ്റിനിര്‍ത്തിയിട്ടുണ്ട്. ഒരാളും പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ട് ഞങ്ങള്‍ പ്രതിഷേധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പഴയ ആളുകളെ മാറ്റി നിര്‍ത്തി കര്‍ശന നിലപാടാണ് ബിജെപി അധ്യക്ഷന്‍ സ്വീകരിച്ചിരുന്നത്. മൂന്ന് തവണ ജയിച്ചവരെ മാറ്റി നിര്‍ത്തിയിരുന്നു. ഇതോടെ നിലവിലെ പല എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും തങ്ങളുടെ രാഷ്ട്രീയ ഭാവിയെ കുറിച്ച് ആശങ്കയുണ്ടെന്നും മുന്‍ മന്ത്രി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.
 

Latest News