ന്യൂദല്‍ഹി- സൈന്യത്തിന് അമിതാധികാരം നല്‍കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട് (അഫ്‌സ്പ) പിന്‍വലിക്കാനോ ഇളവ് വരുത്താനാ സമയമായിട്ടില്ലെന്ന് കരസേനാധിപന്‍ ജനറല്‍ ബിപിന്‍ റാവത്ത്. ജമ്മു കശ്മീര്‍ പോലുള്ള സംഘര്‍ഷ പ്രദേശങ്ങളില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
കശ്മീരില്‍ പ്രത്യേകമായി ഏര്‍പ്പെടുത്തിയിട്ടുള്ള സൈനിക നിയമം പിന്‍വലിക്കാനുള്ള സാഹചര്യങ്ങളൊന്നും നിലവിലില്ല. അഫ്‌സ്പ പൂര്‍ണമായും പിന്‍വലിക്കുകയോ അല്ലെങ്കില്‍ ചില വ്യവസ്ഥകള്‍ ദുര്‍ബലമാക്കുകയോ വേണമെന്ന ആവശ്യത്തിന്മേല്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് സൈനിക മേധാവിയുടെ പ്രതികരണം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും നടപ്പാക്കിയിരിക്കുന്ന അഫ്‌സ്പ നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
ഇതിനായി പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. കടുത്ത വ്യവസ്ഥകളില്‍ ചിലതെങ്കിലും ഉടന്‍ പിന്‍വലിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കൂടിയാണ് ജനറല്‍ റാവത്ത് തള്ളിയിരിക്കുന്നത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും അഫ്‌സ്പ ലളിതമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെയൊരു ചിന്തക്ക് പോലും സമയമായിട്ടില്ലെന്നായിരുന്നു സൈന്യാധിപന്റെ മറുപടി.