ദുബായ്- മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ടോവിനോ തോമസിനും പിന്നാലെ യു.എ.ഇ ഭരണകൂടത്തില്‍നിന്ന് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി നടന്‍ പൃഥ്വിരാജ്.'ഗോള്‍ഡില്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പേ ഗോള്‍ഡന്‍ വിസ' എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ഗോള്‍ഡന്‍ വിസ കൈപ്പറ്റുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.'പ്രേമം' സിനിമയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഗോള്‍ഡ്'. ചിത്രത്തില്‍ ജോയിന്‍ ചെയ്യാനിരിക്കുകയാണ് പൃഥ്വിരാജ്.വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യു.എ.ഇ. ഭരണകൂടം നല്‍കുന്നതാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ. പ്രവാസി വ്യവസായി എം.എ യൂസഫലിയായിരുന്നു നേരത്തെ മമ്മൂട്ടിക്കും മോഹന്‍ലാലിലും ഗോള്‍ഡന്‍ വിസ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.നടിയും അവതാരികയുമായ നൈല ഉഷയ്ക്കും അവതാരകന്‍ മിഥുന്‍ രമേശിനും കഴിഞ്ഞ ദിവസം ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു. യു.എ.ഇയില്‍ സ്ഥിരതാമസമാക്കിയ നൈല, യു.എ.ഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്‍.എന്‍ കമ്പനിക്ക് കീഴിലെ എഫ്.എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്.പതിനേഴ് വര്‍ഷമായി യു.എ.ഇയില്‍ എ.ആര്‍.എന്നിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളാണ് മിഥുനും. ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവരാണ് ഇതിനു മുന്‍പ് ഗോള്‍ഡന്‍ വിസ നേടിയ ഇന്ത്യന്‍ സിനിമാതാരങ്ങള്‍.