അപകീര്‍ത്തി കേസില്‍ കങ്കണയ്ക്ക് കോടതി മുന്നറിയിപ്പ്; ഇനി ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറണ്ട്

മുംബൈ- കവി ജാവേദ് അഖ്തര്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ നടി കങ്കണ റണൗത്തിന് കോടതിയുടെ മുന്നറിയിപ്പ്. കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ ഇളവ് നല്‍കണമെന്ന കങ്കണയുടെ അപേക്ഷ ഇന്നത്തേക്ക് കോടതി അംഗീകരിച്ചു. എന്നാല്‍ കേസ് വീണ്ടും പരിഗണിക്കുന്ന സെപ്തംബര്‍ 20ന് കോടതിയില്‍ നേരിട്ട് ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. 

കേസ് ഇന്ന് കോടതി പരിഗണിച്ചപ്പോള്‍ തന്റെ കക്ഷിക്ക് സുഖമില്ലാത്തിനാല്‍ നേരിട്ട് ഹാജരാകാന്‍ സാധിക്കില്ലെന്നും ഇളവ് നല്‍കണമെന്നും കങ്കണയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ചു. സിനിമയുമായി ബന്ധപ്പെട്ട യാത്രകളിലായിരുന്നുവെന്നും കോവിഡ് ലക്ഷണങ്ങളുണ്ടെന്നുമായിരുന്നു വാദം. എന്നാല്‍ ഇത് കോടതി നടപടികള്‍ വൈകിപ്പിക്കാനുള്ള കരുതിക്കൂട്ടിയുള്ള തന്ത്രമാണെന്നും ഫെബ്രുവരി മുതല്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് കങ്കണ കോടതിയില്‍ ഹാജരാകിതിരിക്കുകയുമാണെന്ന്  ജാവേദ് അഖ്തറിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ് സെപ്തംബര്‍ 20ന് കങ്കണ നേരിട്ട് ഹാജരായെ തീരൂവെന്ന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. 

തനിക്കെതിരായ നിയമനടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞയാഴ്ച ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.
 

Latest News