Sorry, you need to enable JavaScript to visit this website.

ദൽഹിയിലെ തബ്‌ലീഗ് ആസ്ഥാനം പൂട്ടിയിടേണ്ടത് ആവശ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ന്യൂദല്‍ഹി- കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ദല്‍ഹി പോലീസ് പൂട്ടിച്ച ദല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് ആസ്ഥാനമായ മര്‍കസ് പൂട്ടിയിടേണ്ടത് ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍ വാദിച്ചു. മര്‍കസ് എന്നന്നേക്കുമായി പൂട്ടിയിടാന്‍ കഴിയില്ലെന്ന ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു. അതിര്‍ത്തി കടന്നുള്ള ഗുരുതരമായ വിഷയങ്ങള്‍ ഉണ്ടെന്നും ഇത് വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് മര്‍കസ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാകില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചത്. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 അടച്ച മര്‍ക്കസ് വീണ്ടും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി വഖഫ് ബോര്‍ഡാണ് കോടതിയെ സമീപിച്ചത്. എത്ര കാലത്തേക്കാണ് ഇത് പൂട്ടിയിടാന്‍ ഉദ്ദേശിക്കുന്നത് എന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് മുക്ത ഗുപത് ചോദിച്ചു. ഈ സ്വത്ത് കൈവശമുള്ള പാട്ടക്കാര്‍ക്കു മാത്രമെ മര്‍ക്കസ് തുറക്കാനുള്ള നിയമ നടപടിക്ക് അര്‍ഹതയുള്ളുവെന്നും വഖഫ് ബോര്‍ഡിന് പാട്ടക്കാരെ മറികടക്കാന്‍ അധികാരമില്ലെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. മര്‍ക്കസിലെ താമസ സ്ഥലം വീണ്ടും തുറക്കാന്‍ നേരത്തെ തന്നെ ഒരു ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഇത് ഹൈക്കോടതിയുടെ തന്നെ മറ്റൊരു ബെഞ്ചിന്റെ പരിഗണനയിലാണെന്നും തീര്‍പ്പാക്കാനിരിക്കുകയാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എന്നാല്‍ കേസുണ്ടെന്ന് പറഞ്ഞ് ദീര്‍ഘകാലത്തേക്ക് മര്‍ക്കസ് പൂട്ടിയിടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് നവംബര്‍ 16ന് വീണ്ടും പരിഗണിക്കും.


 

Latest News