കൊച്ചി- എം.ടിയുടെ കഥകള്‍ മിനിസ്‌ക്രീനിലേക്ക് വരുമ്പോള്‍ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീം വീണ്ടും ഒന്നിക്കുന്നു. നെറ്റ് ഫ്‌ളിക്‌സിന് വേണ്ടി എം.ടി. വാസുദേവന്‍ നായരുടെ പ്രശസ്തമായ ചെറുകഥകളെ ആസ്പദമാക്കി പ്രമുഖ സംവിധായകര്‍ ഒരുക്കുന്ന സിനിമകളുടെ കൂട്ടത്തിലാണ്. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെയും ചിത്രമൊരുങ്ങുന്നത്.
എം.ടിയുടെ തിരക്കഥയില്‍ ബിജു മേനോനെ നായകനാക്കി ഒരു ചിത്രവും നെറ്റ് ഫ്‌ളിക്‌സിന് വേണ്ടി പ്രിയദര്‍ശന്‍ ഒരുക്കുന്നുണ്ട്.
എം.ടിയുടെ തിരക്കഥയില്‍ ഒരു ചിത്രമൊരുക്കണമെന്നത് പ്രിയദര്‍ശന്റെ ഏറെക്കാലമായുള്ള മോഹമായിരുന്നു. ഇപ്പോള്‍ ഒന്നിന് പകരം രണ്ടായി ആ മോഹം സഫലീകരിച്ചിരിക്കുകയാണ്.
നെറ്റ് ഫ്‌ളിക്‌സിന്റെ എം.ടി സീരീസില്‍ മറ്റ് ചിത്രങ്ങളൊരുക്കുന്നത് സന്തോഷ് ശിവന്‍, ജയരാജ് തുടങ്ങിയവരാണ്.
ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ പാര്‍വതി തിരുവോത്തും സന്തോഷ് ശിവന്റെ ചിത്രത്തില്‍ സിദ്ദിഖും ജയരാജിന്റെ ചിത്രത്തില്‍ നെടുമുടി വേണുവും ഇന്ദ്രന്‍സും സുരഭിലക്ഷ്മിയുമാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.