Sorry, you need to enable JavaScript to visit this website.

ബി.ബി.സിയില്‍ പുരുഷന്മാരും ശമ്പളം കുറച്ചു; മുഖം രക്ഷിക്കാനുള്ള ശ്രമമെന്ന് ആരോപണം

ലണ്ടന്‍- ശമ്പള വിവേചനം വിവാദമായതിനെ തുടര്‍ന്ന് മുഖം രക്ഷിക്കാനും ശ്രദ്ധ തിരിച്ചുവിടാനുമാണ്  ഏതാനും പുരുഷ അവതാരകര്‍ ശമ്പളം കുറയ്ക്കാന്‍ സമ്മതിച്ചുവെന്ന വാര്‍ത്ത ബി.ബി.സി പ്രചരിപ്പിക്കുന്നതെന്ന് ആരോപണം. അടുത്തയാഴ്ച പുറത്തുവിടാനിരിക്കുന്ന പേ ഗ്യാപ്പ് റിപ്പോര്‍ട്ടിന്റെ ആഘാതം കുറയ്ക്കാനാണ് ബി.ബി.സി ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് വനിതാ ജീവനക്കാര്‍ വ്യക്തമാക്കുന്നത്. ശമ്പളവിവേചനം സംബന്ധിച്ച് ബി.ബി.സിയുടെ ഡയരക്ടര്‍ ജനറല്‍ എം.പിമാരുടെ കമ്മിറ്റി മുമ്പാകെ ഹാജരാകാനിരിക്കയുമാണ്. കാര്യങ്ങളെക്കെ വെളിച്ചത്താകുന്നതിനുമുമ്പ് പരമാവധി അനൂകല തലക്കെട്ടുകള്‍ നേടാനാണ് ബി.ബി.സിയുടെ ശ്രമമെന്ന് തുല്യവേതനത്തിനായി കാമ്പയിന്‍ നടത്തുന്ന വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിനിധി പറഞ്ഞു.
ശമ്പളത്തിലുള്ള സ്ത്രീ-പുരുഷ വിവേചനത്തില്‍ പ്രതിഷേധിച്ച് ബി.ബി.സി.യുടെ ചൈന ന്യൂസ് എഡിറ്റര്‍ കാരി ഗ്രേസ് രാജി വെച്ചതിനു പിന്നാലെ, ഉയര്‍ന്ന ശമ്പളം വാങ്ങുന്ന മുതിര്‍ന്ന ആറു പുരുഷ വാര്‍ത്താ അവതാരകര്‍ തങ്ങളുടെ ശമ്പളം കുറയ്ക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു.
1.35 ലക്ഷം പൗണ്ട് വാര്‍ഷികവരുമാനമുണ്ടായിരുന്ന കാരി കഴിഞ്ഞമാസമാണ് ശമ്പള വിവേചനത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചത്. തന്റെ അതേ സ്ഥാനം വഹിക്കുന്ന നോര്‍ത്ത് അമേരിക്ക എഡിറ്റര്‍ ജോണ്‍ സോപല്‍, പശ്ചിമേഷ്യന്‍ എഡിറ്റര്‍ ജെറമി ബോവന്‍ എന്നിവര്‍ക്ക് തന്നേക്കാളും ശമ്പളം കൂടുതല്‍ ലഭിക്കുന്നുണ്ടെന്ന് കാരി ചൂണ്ടിക്കാട്ടി.
സോപലിന് 2.5 ലക്ഷം പൗണ്ടും, ബോവന് രണ്ട് ലക്ഷം പൗണ്ടുമാണ് വാര്‍ഷികശമ്പളമായി ലഭിക്കുന്നത്. ശമ്പളം വെട്ടിക്കുറയ്ക്കാന്‍ സമ്മതിച്ചതില്‍ സോപലുമുണ്ട്.
ബി.ബി.സി. റേഡിയോയുടെ പ്രഭാത വാര്‍ത്താ പരിപാടിയുടെ അവതാരകനായ ജോണ്‍ ഹംപ്രിസും ശമ്പളം കുറയ്ക്കാന്‍ സമ്മതിച്ചവരില്‍പെടും. ആറുലക്ഷം പൗണ്ട് ശമ്പളം വാങ്ങുന്ന ഹംപ്രിസ് മൂന്നുലക്ഷം പൗണ്ടായി കുറക്കാനാണ് സമ്മതിച്ചിരിക്കുന്നത്. നിക്ക് റോബിന്‍സണ്‍, ഹു എഡ്വേര്‍ഡ്‌സ്, നിക്കി കാംപെല്‍, ജെറമി വൈന്‍ എന്നിവരാണ് മറ്റുള്ളവര്‍. 7.5 ലക്ഷം പൗണ്ട് ആണ് വൈനിന്റെ ശമ്പളം. ഒരേ ജോലിചെയ്യുന്നവര്‍ക്ക് ഒരേ ശമ്പളം വേണമെന്ന് പറയുന്ന വനിതാ സഹപ്രവര്‍ത്തകരെ പിന്തുണയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍നിന്നുള്ള സമ്മര്‍ദത്തെത്തുടര്‍ന്ന് ജൂലായിലാണ് ആദ്യമായി ബി.ബി.സി. ശമ്പളപ്പട്ടിക പ്രസിദ്ധീകരിച്ചത്. ഇതുപ്രകാരം കൂടുതല്‍ ശമ്പളം വാങ്ങുന്ന 14 പേരില്‍ 12 പേരും പുരുഷന്മാരാണ്. 22 ലക്ഷം പൗണ്ട്  ശമ്പളം വാങ്ങുന്ന ക്രിസ് ഇവാന്‍സാണ് പട്ടികയില്‍ ഒന്നാമത്. പട്ടികയില്‍ എട്ടാമതുള്ള ക്ലൗഡിയ വിങ്കിള്‍മാനാണ് ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന വനിത. 4.5 ലക്ഷം പൗണ്ട് ആണ് ക്ലൗഡിയയുടെ ശമ്പളം.
 

Latest News