ന്യൂദല്‍ഹി- അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ ആവശ്യത്തിന് ആന്റി ടാങ്ക് മിസൈലുകള്‍ സൈന്യത്തിന്റെ പക്കലില്ലെന്ന് സര്‍ക്കാരിന് കരസേന വീണ്ടും മുന്നറിയിപ്പ് നല്‍കി. പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിആര്‍ഡിഒ) തദ്ദേശീയമായി വികസിപ്പിക്കുന്ന പുതിയ സംവിധാനം ലഭിക്കുന്നവരെ കാത്തു നില്‍ക്കാനാവില്ലെന്നും അടിയന്തിരമായി ആന്റി ടാങ്ക് മിസൈലുകള്‍ സേനയ്ക്ക് ലഭ്യമാക്കണമെന്നുമാണ് ഇന്ത്യന്‍ ആര്‍മി നല്‍കിയിരിക്കുന്ന മുന്നറിയിപ്പെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ശത്രു സൈന്യത്തിന്റെ ടാങ്കുകളെ നശിപ്പിക്കുന്ന ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളാണ് വേണ്ടത്ര ഇല്ലാത്തത്.
ഇത്തരം 68,000 മിസൈലുകളുടെ കുറവുണ്ട്. വിവിധ തരത്തിലുള്ള 850 ലോഞ്ചറുകളുടേയും കുറവുണ്ട്. നിരപ്പായ പ്രദേശങ്ങളില്‍ ശത്രുസൈന്യത്തിന്റെ മുന്നേറ്റം ഉണ്ടായാല്‍ തടയാന്‍ ഇവ ആത്യാവശ്യമാണെന്ന് കരസേന പറയുന്നു. അടിയന്തിര ആവശ്യത്തിന് സൈനികര്‍ക്ക് തോളിലേറ്റാവുന്ന 2500 ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളും 96 ലോഞ്ചറുകളും ഉടന്‍ വാങ്ങാന്‍ സൈന്യം തയാറാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ഇസ്രായിലിന്റെ സ്പൈക്ക് ആന്റി ടാങ്ക് മിസൈലുകളാണോ വേണ്ടത് അതോ യുഎസിന്റെ എഫ്ജിഎം 148 ജാവലിന്‍ ആന്റി ടാങ്ക് മിസൈലുകളാണോ വാങ്ങേണ്ടതെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
2009-ല്‍ ഈ ആയുധങ്ങള്‍ അത്യാവശ്യമാണെന്ന് കണ്ട് പ്രതിരോധ മന്ത്രാലയം ഇസ്രായിലില്‍ നിന്ന് വാങ്ങാന്‍ തുനിഞ്ഞിരുന്നു. 8356 മീഡിയം റേഞ്ച് സ്പൈക്ക് ആന്റി ടാങ്ക് മിസൈലുകളും 321 ലോഞ്ചറുകളും 15 സിമുലേറ്ററുകളും വാങ്ങാന്‍ ഇസ്രായിലുമായി 3200 കോടി രൂപയുടെ കരാറുണ്ടാക്കാനും തീരുമാനമായിരുന്നു. എന്നാല്‍ ഈ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. രണ്ടു വര്‍ഷത്തിനകം ഇതിലേറെ മികച്ച ആന്റി ടാങ്ക് മിസൈലുകള്‍ വികസിപ്പിക്കാമെന്ന പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ ഉറപ്പിനെ തുടര്‍ന്നായിരുന്നു കരാര്‍ നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത്. എന്നാല്‍ ഡിആര്‍ഡിഒക്ക് ഇതുവരെ ഇത്തരം മിസൈലുകള്‍ വികസിപ്പിക്കാനായിട്ടില്ല.