അഹമ്മദാബാദ്- ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയാകും. ഗാട്ട്‌ലോഡിയിൽനിന്നുള്ള എം.എൽ.എയാണ് ഭൂപേന്ദ്ര പട്ടേൽ. മുൻ മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേലിന്റെ വിശ്വസ്തനാണ് ഭൂപേന്ദ്ര പട്ടേൽ. ഇതാദ്യമായാണ് എം.എൽ.എയാകുന്നത്. പാർട്ടിയിൽ ഏറെക്കാലത്തെ പ്രവർത്തന പരിചയം ഉണ്ടെങ്കിലും ഭരണപരിചയം കുറവായ പട്ടേലിന് മുൻ മുഖ്യമനത്രിയുടെ പിന്തുണയാണ് തുണയായത്. മുഖ്യമന്ത്രി സ്ഥാനത്ത്‌നിന്ന് വിജയ് രൂപാണി അപ്രതീക്ഷിതമായി രാജിവെച്ചതോടെയാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടി വന്നത്. നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷം കൂടി ശേഷിക്കെയാണ് രൂപാണിയുടെ അപ്രതീക്ഷിത രാജി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സംസ്ഥാനമായ ഗുജറാത്തിൽ അടുത്തവർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
2016 ഓഗസ്റ്റ് മുതൽ മുഖ്യമന്ത്രി സ്ഥാനത്തുള്ള നേതാവാണ് അദ്ദേഹം. രാജിയുടെ കാരണം വ്യക്തമായിട്ടില്ല. ആനന്ദി ബെൻ പട്ടേലിന്റെ പിൻഗാമിയായാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. മുഖ്യമന്ത്രിയാകുന്നതിന് മുൻപ് ആനന്ദിബെൻ പട്ടേൽ മന്ത്രിസഭയിൽ അംഗമായിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തിൽനിന്നാണ് വിജയ് രൂപാണി 2017ൽ നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.