ജമ്മു- നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ ത്രിലോചന്‍ സിംഗ് വസീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് കരുതുന്ന ഹര്‍പ്രീത് സിംഗ് ഖല്‍സയുടെ കുടുംബത്തെ ദല്‍ഹി പോലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ദല്‍ഹിയിലെ അപാര്‍ട്‌മെന്റില്‍ ത്രിലോചന്‍ സിംഗിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ദല്‍ഹി മോട്ടി നഗര്‍ പ്രദേശത്തെ അപാര്‍ട്‌മെന്റിലെ ബാത്ത് റൂമിലായിരുന്നു അഴുകിയ നിലയിലുള്ള മൃതദേഹം.
ഹര്‍പ്രീത് സിംഗ് ഖല്‍സയാണ് അപാര്‍ട്‌മെന്റ് വാടകക്കെടുത്തിരുന്നത്. തുടര്‍ന്ന് ഒളിവില്‍ പോയ ഖല്‍സക്ക് വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്.
മുതിര്‍ന്ന പാര്‍ട്ടി നേതാവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. ഗൂഢാലോചനയും യഥാര്‍ഥ പ്രതികളെയും പുറത്തു കൊണ്ടുവരുന്നതിന് സി.ബി.ഐ അന്വേഷണത്തിലൂടെ സാധിക്കുമെന്ന് പാര്‍ട്ടി വൈസ് പ്രസിഡന്റും മന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല പറഞ്ഞു.
വെടിയേറ്റാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.തലയോട്ടിയില്‍ വെടിയുണ്ട കണ്ടെത്തിയിരുന്നു.