തൃശൂര്‍-മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ശക്തമായ കഥാപാത്രങ്ങള്‍ കൊണ്ടും അഭിനയമികവ് കൊണ്ടും പ്രേക്ഷകരെ ഇന്നും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന താരത്തിന്റെ പിറന്നാളാണ് ഇന്ന്. സിനിമയിലെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചത്. മഞ്ജു വാര്യര്‍ക്ക് ജന്മദിനാശംസയുമായി ശോഭന, നവ്യാ നായര്‍, രേവതി, സുരാജ് വെഞ്ഞാറമൂട്, പ്രയാഗ മാര്‍ട്ടിന്‍, നൈല ഉഷ, അപര്‍ണ ബാലമുരളി, അജുവര്‍ഗീസ്, റേബ മോണിക്ക ജോണ്‍, ടോവിനോ തോമസ് തുടങ്ങീ നിരവധി താരങ്ങളും പ്രേക്ഷകരും സഹപ്രവര്‍ത്തകരും ആശംസകള്‍ അറിയിച്ചു.
മലയാള സിനിമയിലെ ഏക ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യര്‍ 1995ല്‍ 'സാക്ഷ്യം' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. 40 ഓളം സിനിമകളില്‍ ഇതുവരെ അഭിനയിച്ചു. 1996 ല്‍ പുറത്തിറങ്ങിയ 'സല്ലാപം' എന്ന ചിത്രത്തിലൂടെയാണ് മഞ്ജു മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. 'ഈ പുഴയും കടന്ന്' എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും താരത്തെ തേടിയെത്തി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയത്തിനു ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജുവിന് ലഭിച്ചു. ഒരു ദേശീയ ചലച്ചിത്ര പുരസ്‌കാരം, ഒരു കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ഏഴ് ഫിലിംഫെയര്‍ അവാര്‍ഡ് സൗത്ത് എന്നിവയുള്‍പ്പെടെ നിരവധി അവാര്‍ഡുകളും മഞ്ജു വാര്യര്‍ക്ക് ലഭിച്ചു.