ന്യൂയോർക്ക് - യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ലൈംഗിക കേളികളുടെ വാർത്തകൾക്ക് തൊട്ടുപിന്നാലെ അദ്ദേഹത്തെ ചുറ്റിപ്പറ്റി പുതിയൊരു പ്രണയ കഥകൂടി യു.എസിലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇത്തവണ ആരോപണങ്ങൾക്ക് ഇരയാക്കപ്പെട്ടത് യു.എന്നിലെ അമേരിക്കൻ സ്ഥാനപതിയും ഇന്ത്യൻ വംശജയുമായ നിക്കി ഹാലെയാണ്. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്‌സ് വണ്ണിൽ ട്രംപ് ഹാലെയ്‌ക്കൊപ്പം കൂടുതൽ സമയം ചെലവിടുന്നുണ്ടെന്ന ആരോപണമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ആരോപണം പരിധിവിട്ടതോടെ രൂക്ഷ പ്രതികരണവുമായി ഹാലെ തന്നെ രംഗത്തെത്തി.
വളരെ നിന്ദ്യമായ പ്രചാരണമാണിതെന്നും ഇതിൽ യാതൊരു സത്യവുമില്ലെന്നും ഹാലെ വ്യക്തമാക്കി. യുഎസ് പ്രസിഡന്റിന്റെ വിമാനത്തിൽ ഒരു തവണ മാത്രമാണ് യാത്ര ചെയ്തിട്ടുള്ളതെന്നും ആ സമയത്ത് തന്റെ കൂടെ ഒരുപാട് പേർ ഉണ്ടായിരുന്നെന്നും ഹാലെ വിശദീകരിച്ചു.
അമേരിക്കൻ ഗ്രന്ഥകാരൻ മൈക്കൽ ഫോൾഫ് ആണ് തന്റെ പുതിയ പുസ്തകമായ ഫയർ ആന്റ് ഫ്യൂരിയിലൂടെ ട്രംപ്-ഹാലെ പ്രണയകഥ അവതരിപ്പിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയതോടെയാണ് ഹാലെ പ്രതികരണവുമായി രംഗത്തെത്തിയത്.
'ഇത്തരം ആരോപണങ്ങൾ നാം എപ്പോഴും കരുതിയിരിക്കേണ്ട വലിയൊരു പ്രശ്‌നമാണ്. എന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും എനിക്കിതു പോലുള്ള സാഹചര്യങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു സ്ത്രീ എന്ന നിലയിൽ ശക്തമായ ഒരു നിലപാടെടുത്താൽ ചെറിയൊരു വിഭാഗം എക്കാലത്തും എതിർപ്പുമായി വരും. തൊഴിലിടങ്ങളിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണിത്,' ഹാലെ പറഞ്ഞു.