കൊല്‍ക്കത്ത- തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണെങ്കിലും നുസ്രത്ത് ബിജെപി നേതാവുമായി പ്രണയത്തിലാണ്. അതുകൊണ്ടുതന്നെ നുസ്രത്ത് ജഹാന്‍ ബിജെപിയിലേക്ക് മാറുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞാണ് സിനിമാ നടി കൂടിയായ നുസ്രത്തിന്റെ ജീവിതം. കഴിഞ്ഞ മാസം ഒരു ആണ്‍കുഞ്ഞിന് നുസ്രത്ത് ജന്മം നല്‍കി. ഈ വേളയില്‍ കൂടുതല്‍ ഉയര്‍ന്ന ചോദ്യമായിരുന്നു നുസ്രത്തിന്റെ കുഞ്ഞിന്റെ അച്ഛനാര് എന്നത്. പ്രസവ ശേഷം ആദ്യ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഈ ചോദ്യത്തിന് നുസ്രത്ത് നല്‍കിയ മറുപടി വൈറലായിരിക്കുന്നു.
കുഞ്ഞിന്റെ അച്ഛനാര് എന്ന ചോദ്യം നേരത്തെ ഉയര്‍ന്നപ്പോള്‍ നടി കാര്യമായി പ്രതികരിച്ചിരുന്നില്ല. ഇത്തരം ചോദ്യങ്ങള്‍ അവഗണിക്കുകയാണ് ചെയ്തത്. പ്രസവ ശേഷം പൊതുപരിപാടിക്കെത്തിയപ്പോഴാണ് ഈ ചോദ്യത്തിന് ആദ്യമായി പ്രതികരിക്കുന്നത്. മകന്‍ യിഷാന്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് 26നാണ് ജനിച്ചത്. പാര്‍ലമെന്റംഗമാണെങ്കിലും സഭാ നടപടികളില്‍ പങ്കെടുക്കാത്ത നുസ്രത്തിന്റെ നിലപാടുകളും വിവാദമായിരുന്നു.
ഇത് പുതിയ ജീവിതമാണ്. പുതിയ തുടക്കം ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ടെന്ന് എന്‍ഡിടിവിയുമായി സംവദിക്കവെ നുസ്രത്ത് ജഹാന്‍ പ്രതികരിച്ചു. കൊല്‍ക്കത്തയില്‍ ഒരു സലൂണിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നുസ്രത്ത് ജഹാന്‍. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍കാല സമ്മേളനത്തില്‍ നുസ്രത്ത് പങ്കെടുത്തിരുന്നില്ല. അന്ന് എട്ട് മാസം ഗര്‍ഭിണിയായിരുന്നു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഉറപ്പായും പങ്കെടുക്കുമെന്ന് നുസ്രത്ത് ജഹാന്‍ പറഞ്ഞു. തന്നെ തിരഞ്ഞെടുത്ത ജനങ്ങളോടുള്ള ബാധ്യതയാണത്. നേരത്തെ പാര്‍ലമെന്റില്‍ എത്താതിരുന്നത് ചില പ്രയാസങ്ങള്‍ കാരണമായിരുന്നു. അടുത്ത സമ്മേളനത്തിന് എത്തും. തന്റെ മണ്ഡലത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കുമെന്നും നുസ്രത്ത് ജഹാന്‍ പറഞ്ഞു. പല വിധ ചോദ്യങ്ങള്‍ തനിക്ക് നേരെ ഉയരാന്‍ സാധ്യതയുണ്ട്. എല്ലാം നേരിടാന്‍ ഞാന്‍ റെഡിയാണ്. മറച്ചുവെക്കാന്‍ തനിക്ക് ഒന്നുമില്ലെന്നും നുസ്രത്ത് ജഹാന്‍ പറഞ്ഞു. കുഞ്ഞിന്റെ പിതാവിന് അറിയാം പിതാവ് ആരാണെന്ന്. ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്. ഞാനും നടന്‍ യാഷ് ഗുപ്തയും ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ജീവിതം ആസ്വദിക്കുകയാണെന്നും നുസ്രത്ത് ജഹാന്‍ പറഞ്ഞു.