ലാഹോര്‍- ഹിന്ദി മീഡിയം എന്ന ബോളിവുഡ് ചിത്രത്തില്‍ നായികയായ പ്രമുഖ പാക്കിസ്ഥാനി നടി സബ ഖമറിനെതിരെ പാക് കോടതിയുടെ അറസ്റ്റ് വാറന്റ്. ലാഹോറിലെ ചരിത്രപ്രസിദ്ധമായ മസ്ജിദ് വസിര്‍ ഖാന്‍ പരിസരത്ത് ഡാന്‍സ് വിഡിയോ ഷൂട്ടിങ് നടത്തിയ കേസിലാണ് സബ ഖമറിനും ഗായകന്‍ ബിലാല്‍ സഈദിനുമെതിരെ ലാഹോര്‍ മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിട്ടത്. ഇവര്‍ക്കും ജാമ്യത്തിന് അര്‍ഹതയുണ്ട്. കേസ് ഒക്ടോബര്‍ ആറിന് കോടതി വീണ്ടും പരിഗണിക്കും.
കഴിഞ്ഞ വര്‍ഷമാണ് ഇരുവര്‍ക്കുമെതിരെ പള്ളിയുടെ പവിത്രത മാനിച്ചില്ലെന്ന കുറ്റംചുമത്തി പോലീസ് കേസെടുത്തത്. പള്ളി പരിസരത്തെ ഡാന്‍സ് വിഡിയോ പാക്കിസ്ഥാനില്‍ വലിയ ജനരോഷത്തിനിടയാക്കിയിരുന്നു. സംഭവത്തില്‍ രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരെ പഞ്ചാബ് സര്‍ക്കാര്‍ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും നടിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ സബ ഖമര്‍ പരസ്യമായി മാപ്പുപറയുകയും ചെയ്തിരുന്നു.