കാബൂള്‍- അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പുതിയ ഇടക്കാല സര്‍ക്കാരിനെ പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്ത് സമാന്തര സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് നാഷനല്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് (എന്‍.ആര്‍.എഫ്) രംഗത്ത്. താലിബാന്‍ ഭരണം നിയമാനുസൃതമല്ലെന്നും അംഗീകരിക്കില്ലെന്നും താലിബാനെതിരെ പൊരുതുന്ന എന്‍.ആര്‍.എഫ് വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും സര്‍ക്കാരിനെ പ്രഖ്യാപിക്കുക എന്നും പ്രതിരോധ സേനയ്ക്ക് നേതൃത്വം നല്‍കുന്ന അഹ്‌മദ് മസൂദ് പറഞ്ഞു. രാജ്യാന്തര സമൂഹം അംഗീകരിക്കുന്നതും ജനങ്ങള്‍ വോട്ടിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതുമായ ഒരു പുതിയ ജനാധിപത്യ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ശ്രമമെന്നും പഞ്ച്ശീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രതിരോധ സേന പ്രസ്താവനയില്‍ പറഞ്ഞതായി ഖാമ ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.
താലിബാന്‍ പ്രഖ്യാപിച്ച നിയമവിരുദ്ധ ഭരണകൂടം നല്‍കുന്ന സൂചന അവര്‍ക്ക് അഫ്ഗാന്‍ ജനതയോടുള്ള ശത്രുതയാണെന്നും രാജ്യത്തിന്റെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഒരു ഭീഷണിയാണെന്നും പ്രതിരോധ സേന പറഞ്ഞു. താലിബാനോട് സഹകരിക്കരുതെന്ന് ഐക്യ രാഷ്ട്ര സഭയോടും യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിനോടും യൂറോപ്യന്‍ യൂനിയനോടും സാര്‍ക്കിനോടും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷനോടും പ്രതിരോധ സേന ആവശ്യപ്പെട്ടു.