സുരി- പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമ സംഭവങ്ങള്‍ അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥര്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ലലന്‍ ഘോഷിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. ബിര്‍ഭൂം ജില്ലയിലെ വസതിയിലാണ് സി.ബി.ഐ ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തിയത്.
ഇല്ലംബസാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ഗോപാല്‍പുര്‍ ഗ്രാമം അന്വേഷണ സംഘം സന്ദര്‍ശിച്ചു. ഇവിടെയാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ ഗൗരബ് സര്‍ക്കാറിനെ അടിച്ചു കൊന്നത്. മെയ് രണ്ടിന് ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ഘോഷിന്റെ വസതിയില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതെന്ന് ഏജന്‍സിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
മൊബൈല്‍ ഫോണും നിരവധി രേഖകളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജന്‍സി ഇതുവരെ 34 എഫ്.ഐ.ആറുകളാണ് ഫയല്‍ ചെയ്തത്. നദിയയില്‍നിന്ന് രണ്ടുപേരേയും നോര്‍ത്ത് 24 പര്‍ഗാനാസില്‍നിന്ന് ഒരാളേയും അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അസംബ്ലി തെരഞ്ഞെടുപ്പിനുശേഷം നടന്ന ബലാത്സംഗം ആരോപണങ്ങളില്‍ സി.ബി.ഐ അന്വേഷണമാകാമെന്ന് കല്‍ക്കത്ത ഹൈക്കോടതി ഓഗസ്റ്റ് 19-ന് ഉത്തരവിട്ടിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് കണക്കിലെടുത്തായിരുന്നു ഇത്. കോടതിയുടെ മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണത്തിനു നിര്‍ദേശിച്ച കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കയാണ്.