മുംബൈ- ഇന്ത്യന്‍ നഗരങ്ങളില്‍നിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രക്ക് എയര്‍ ഇന്ത്യ ബുക്കിംഗ് തുടങ്ങി. സൗദി തലസ്ഥാനമായ റിയാദിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നേരത്തെ തന്നെ ബുക്കിംഗ് തുടങ്ങിയിരുന്നു.
വെബ്‌സൈറ്റ്, ബുക്കിംഗ് ഓഫീസ്, കാള്‍ സെന്റര്‍, അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ വായിച്ച് മനസ്സിലാക്കിയതിനുശേഷമേ ടിക്കറ്റ് ബുക്ക് ചെയ്യാവൂയെന്ന് ട്വിറ്ററില്‍ എയര്‍ ഇന്ത്യ പ്രത്യേകം ഓര്‍മിപ്പിച്ചു.
യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് യാത്രക്കാരന്റെ പൂര്‍ണ ഉത്തരവാദിത്തമാണെന്നും ഇതു സംബന്ധിച്ച ബാധ്യതകളൊന്നും എയര്‍ ഇന്ത്യ ഏറ്റെടുക്കില്ലെന്നുമാണ് മുന്നറിയിപ്പ്.
സൗദി അറേബ്യയില്‍നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി തവക്കല്‍ന ആപ്പില്‍ കാണിക്കുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ സൗദിയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. യാത്ര ചെയ്യുന്നതിന് 72 മണിക്കൂര്‍ മുമ്പെടുത്ത ആര്‍.ടി പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ക്യൂആര്‍ കോഡ് സഹിതമുള്ളതായിരിക്കണം സര്‍ട്ടിഫിക്കറ്റ്. യാത്രക്കാര്‍ മുഖീം വെബ് സൈറ്റില്‍ ഇമ്യൂണൈസേഷന്‍ ഡാറ്റ രജിസ്റ്റര്‍ ചെയ്യണമെന്നും എയര്‍ ഇന്ത്യ വിശദീകരിച്ചു.
സൗദിയില്‍നിന്ന് പൂര്‍ണതോതില്‍ വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് ഇന്ത്യയില്‍നിന്ന് നേരിട്ട് സൗദി നഗരങ്ങളിലേക്ക് വരാന്‍ അനുമതിയുള്ളത് എന്നതിനാല്‍ വേണ്ടത്ര യാത്രക്കാരില്ല എന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്.
ഇന്ത്യയില്‍നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും വൈകാതെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സൗദിയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നവര്‍.
മറ്റു രാജ്യങ്ങളില്‍ പതിനാല് ദിവസം തങ്ങി സൗദിയിലേക്ക് വരാന്‍ ശ്രമിക്കുന്നവര്‍ കുറഞ്ഞിട്ടുണ്ട്. ജോലിയും ഇഖാമയും നഷ്ടപ്പെടുമെന്ന ആശങ്കയില്ലാത്തവര്‍ കുറച്ചുകൂടി കാത്തിരിക്കാമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.