ന്യൂദല്‍ഹി- നിര്‍ഭയ കേസിന്റെ പേരില്‍ ഭരണമാറ്റത്തിന് സാക്ഷ്യം വഹിച്ച ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ സ്ത്രീകളോടുള്ള ക്രൂരത പെരുകിയതേയുള്ളു. രണ്ട് മൂന്ന് ആഴ്ചകള്‍ക്കപ്പുറം നടന്ന മൃഗീയമായ പീഡന-കൊലപാതക വാര്‍ത്തയാണ് ചെറിയ തോതില്‍ ഇപ്പോള്‍ പുറത്തു വരുന്നത്.
ദല്‍ഹിയെ അക്ഷരര്‍ഥത്തില്‍ നടുക്കിയിട്ടുണ്ട് മുസ്്‌ലിം യുവതിയായ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ കൊലപാതകം. പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. ക്രൂരമായി ബലാല്‍സംഗം ചെയ്തുവെന്നും മേലുദ്യോഗസ്ഥരാണ് സംഭവത്തിന് പിന്നിലെന്നും കുടുബം ആരോപിക്കുന്നു. ശരീരത്തില്‍ നിരവധി മുറിവുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്. മാറിടം ഉള്‍പ്പെടെ മുറിച്ചുമാറ്റിയിട്ടുണ്ട്. നിരവധി മുറിവുകളും പൊള്ളലേല്‍പ്പിച്ചതിന്റെയ അടയാളവും മൃതദേഹത്തിലുണ്ട്.
ആഗസ്റ്റ് 27നാണ് 21കാരിയായ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ മൃതദേഹം ഫരീദാബാദിലെ സുരാജ്കുണ്ടില്‍ കണ്ടെത്തിയത്. യുവതിയുടെ കുടുംബം ഇപ്പോഴും ഡല്‍ഹിയില്‍ പ്രതിഷേധത്തിലാണ്. മേലുദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷമാണ് കൊലപ്പെടുത്തിയതെന്നും ഉന്നതതല സംഘം അന്വേഷിക്കണമെന്നുമാണ് കുടുംബം പറയുന്നത്.
കൊലപാതകം നടത്തിയത് ഞാനാണ് എന്ന് പറഞ്ഞ് ഒരു യുവാവ് പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്. ഡല്‍ഹിയിലെ ജയ്ത്പൂര്‍ സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീന്‍ (25) ആണ് കീഴടങ്ങിയത്. താന്‍ യുവതിയുടെ ഭര്‍ത്താവാണെന്നും സാകേത് കോടതിയില്‍ വച്ചാണ് വിവാഹിതരായതെന്നും യുവാവ് പറയുന്നു.
മകള്‍ വിവാഹിതയായിട്ടില്ലെന്നും വിവാഹം സംബന്ധിച്ച വിവരം ഇതുവരെ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും യുവതിയുടെ കുടുംബം പ്രതികരിച്ചു. ക്രൂരമായ പീഡനം നടന്നിട്ടുണ്ട്. മൃതദേഹം വികൃതമാക്കുകയും ചെയ്തു. ഒന്നിലധികം പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
ദല്‍ഹി പോലീസില്‍ എത്തിയാണ് യുവാവ് കീഴടങ്ങിയത്. താന്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയായ ഭാര്യയെ കൊന്നു എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. മൃതദേഹം കിടക്കുന്ന സ്ഥലവും പറഞ്ഞുകൊടുത്തു.