കാബൂള്‍- പഞ്ച്ശീറില്‍ താലിബാനെതിരെ പൊരുതി നിന്ന പ്രതിരോധ സേനയായ നാഷനല്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്ഥാന്റെ നേതാക്കളായ അഹ്‌മദ് മസൂദും അംറുല്ല സാലിഹും അഫ്ഗാനില്‍ നിന്ന് രക്ഷപ്പെട്ടതായി താലിബാന്‍. ഇവരുടെ ശക്തി കേന്ദ്രമായ പഞ്ച്ശീര്‍ പിടിച്ചടക്കിയെന്ന അവകാശവാദത്തിനു പിന്നാലെയാണ് താലിബാന്റെ ഈ വാദം. ഇവര്‍ തുര്‍ക്കിയിലാണെന്നും താജിക്കിസ്ഥാനിലാണെന്നും റിപോര്‍ട്ടുണ്ട്. തുര്‍ക്കിയിലാണെന്ന് താലിബാന്‍ വക്താവ് പറയുന്നു. പഞ്ച്ശീറില്‍ ഇന്റര്‍നെറ്റ് ഇല്ലെന്നും തുര്‍ക്കിയിലിരുന്നാണ് അഹ്‌മദ് മസൂദ് ഓണ്‍ലൈന്‍ പോസ്റ്റുകളിടുന്നതെന്നും താലിബാന്റെ ഔദ്യോഗിക വാര്‍ത്താ ചനലായ അലെമറാറയിലെ മാധ്യമപ്രവര്‍ത്തകന്‍ താരിഖ് ഗസ്‌നിവാള്‍ പറയുന്നു.
പഞ്ച്ശീര്‍ താലിബാന്‍ പിടിച്ചെടുത്തെന്ന റിപോര്‍ട്ടിനു പിന്നാലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ തങ്ങളിപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണെന്നും താലിബാനെതിരെ പോരാട്ടം തുടരുമെന്നും പ്രതിരോധ സേന പറഞ്ഞു.